ഇസ്ലാമാബാദ്: ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ 18ന് മുൻപ് അറസ്റ്റ് ചെയ്യണമെന്ന് പാക് ഭീകര വിരുദ്ധ കോടതി. ഐക്യരാഷ്ട്ര സഭ ആഗോള ഭീകരനായി പ്രഖ്യാപിച്ച മസൂദ് അസർ പാകിസ്ഥാനിൽ തന്നെ ഉണ്ടെന്ന ഔദ്യോഗിക സ്ഥിരീകരണമാണ് ഇതോടെ ഉണ്ടായിരിക്കുന്നതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇയാളെ അറസ്റ്റ് ചെയ്യുന്നതിനുള്ള അന്ത്യശാസനമാണ് കോടതി ഇപ്പോൾ നൽകിയിരിക്കുന്നത്.
ഭീകര പ്രവർത്തനത്തിന് ധനസമാഹരണം നടത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതി ദേശിച്ചത്. പാകിസ്ഥാനിലെ പഞ്ചാബിലുള്ള ഭീകര വിരുദ്ധ കോടതി വ്യാഴാഴ്ച അസറിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അസറിനെക്കുറിച്ച് യാതൊരു വിവരവും ഇല്ലെന്നാണ് വർഷങ്ങളായി പാകിസ്ഥാൻ ആവർത്തിച്ചിരുന്നത്.