saudi-qatar

റിയാദ്: ഉപരോധം അവസാനിപ്പിച്ചതിന് പിന്നാലെ ഖത്തറിൽ നിന്നുള്ള ആദ്യ വാഹനം സൗദിയിലേക്ക് പ്രവേശിച്ചു. പൂക്കൾ നൽകിക്കൊണ്ടാണ് സൗദി കസ്റ്റംസ് ഉദ്യോഗസ്ഥർ വാഹനത്തെ സ്വീകരിച്ചത്.മൂന്നര വർഷത്തെ ഉപരോധം അവസാനിച്ചതോടെ ചരക്ക് നീക്കങ്ങളും ഉടൻ ആരംഭിച്ചേക്കും.

ഖത്തറിൽ നിന്നും അബൂ സംറ അതിർത്തി കടന്ന് സൗദിയിലെ സൽവ അതിർത്തി വഴി പ്രവേശിക്കുന്ന എല്ലാവരെയും സ്വീകരിക്കാൻ രാജ്യം സജ്ജമാണെന്ന് കസ്റ്റംസ് വിഭാഗം അറിയിച്ചു. ഉപരോധം അവസാനിപ്പിച്ചത് സൗദിയിൽ നിന്നും ഖത്തറിൽ നിന്നും പരസ്പരം വിവാഹം കഴിച്ചവർക്കും സഹായകമായി.
ശനിയാഴ്ച രാവിലെ പ്രാദേശിക സമയം 11.20 ഓടെയാണ് അബൂസംറ ചെക്ക്‌പോസ്റ്റ് വഴി വാഹനങ്ങൾ സൗദിയിലേക്ക് കടത്തിവിട്ടു തുടങ്ങിയത്. എല്ലാവിധ പരിശോധനകളും നടത്തിയ ശേഷമാണ് വാഹനം കടത്തിവിട്ടത്. പി.സി.ആർ പരിശോധന നടത്തി കൊവിഡ് നെഗറ്റീവ് ആണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് യാത്രക്കാരെ കടത്തിവിടുന്നത്.
അതേസമയം, ഇന്ന് ദോഹയിൽ നിന്നും സൗദിയിലേക്കുള്ള ആദ്യ വിമാനം പറക്കും. ഉപരോധ സമയത്ത് ഇറാൻ വ്യോമപാത ഉപയോഗിച്ചാണ് ഖത്തർ വിമാനങ്ങൾ പറന്നത്. ഉപരോധം അവസാനിച്ചതോടെ ബില്യൺ കണക്കിന് ഡോളറിന്റെ ചെലവ് ഖത്തർ വിമാനങ്ങൾക്ക് കുറയ്ക്കാനാകും.