la-liga

മാഡ്രിഡ് : സ്പാനിഷ് ലാ ലിഗ ഫുട്ബാളിൽ കഴിഞ്ഞ ദിവസം നടന്ന മത്സരങ്ങളിൽ ബാഴ്സലോണ മറുപടിയില്ലാത്ത നാലുഗോളുകൾക്ക് ഗ്രനാഡയെ തകർത്തപ്പോൾ റയൽ മാഡ്രിഡ് മഞ്ഞുവീണ് പന്തുനീക്കം ദുഷ്കരമായ മൈതാനത്ത് ഒസാസുനയുമായി ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.

സൂപ്പർ താരം ലയണൽ മെസിയും അന്റോയ്ൻ ഗ്രീസ്മാനും ഇരട്ടഗോളടിച്ച മത്സരത്തിലാണ് ബാഴ്സയുടെ ജയം. 12-ാം മിനിട്ടിൽ ഗ്രീസ്മാനിലൂടെയാണ് ബാഴ്സ സ്കോറിംഗ് തുടങ്ങിയത്.35,42 മിനിട്ടുകളിൽ മെസി ഗോളുകൾ നേടി.63-ാം മിനിട്ടിൽ ഗ്രീസ്മാൻ പട്ടിക പൂർത്തിയാക്കി.

തോൽവിയറിയാതെ തുടർച്ചയായി എട്ടുമത്സരങ്ങൾ പൂർത്തിയാക്കിയ ബാഴ്സലോണ ഇതോടെ ലാ ലിഗയിൽ മൂന്നാം സ്ഥാനത്തേക്കുയർന്നു.18 കളികളിൽ നിന്ന് 34പോയിന്റാണ് ബാഴ്സലോണയ്ക്കുളളത്. 18 മത്സരങ്ങളിൽ നിന്ന് 35 പോയിന്റുള്ള റയൽ മാഡ്രിഡ് രണ്ടാം സ്ഥാനത്താണ്. 15 കളികളിൽ നിന്ന് 38 പോയിന്റ് നേടിക്കഴിഞ്ഞ അത്‌ലറ്റിക്കോ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്.