puthuchery

പുതുച്ചേരി: ലഫ്റ്റ്നന്റ് ഗവർണർ കിരൺ ബേദിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി. നാരായണസ്വാമി നടത്തുന്ന സമരം മൂന്നാം ദിവസം പിന്നിട്ടു. മേയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള പോര്. കിരൺ ബേദിയുടെ ഔദ്യോഗിക വസതിയിൽനിന്ന് ഒരു കിലോമീറ്റർ മാത്രം അകലെയാണ് പ്രതിഷേധം.

പുതുച്ചേരിയുടെ വികസനത്തിന് തുരങ്കം വയ്ക്കുകയാണ് കിരൺ ബേദിയെന്നും ജനാധിപത്യ വിരുദ്ധമായാണ് ഗവർണർ പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. പുതുച്ചേരി കോൺഗ്രസ് അദ്ധ്യക്ഷൻ, മന്ത്രിമാർ, നിയമസഭാംഗങ്ങൾ തുടങ്ങിയവരും സി.പി.എം, സി.പി.ഐ നേതാക്കളും മുഖ്യമന്ത്രിക്ക് പിന്തുണയുമായെത്തി.

കിരൺ ബേദിയുടെ വസതിയായ രാജ് നിവാസിന് അർദ്ധസൈനിക ഉദ്യോഗസ്ഥരുടെ കനത്ത സുരക്ഷ ഏർപ്പെടുത്തി. രാജ് നിവാസിന് സമീപം പ്രതിഷേധം നടത്താൻ ശ്രമിച്ചെങ്കിലും കൊവിഡ് പരിഗണിച്ച് അനുമതി നിഷേധിക്കുകയായിരുന്നു.

'കിരൺ ബേദി ഫയലുകൾ മടക്കി അയയ്ക്കുന്നു. മന്ത്രിസഭയുടെ തീരുമാനങ്ങളെ നിയന്ത്രിക്കുന്നു. ലഫ്റ്റ്നന്റ് ഗവർണറുടെ ജോലി ഇതല്ല. ഗവർണർക്ക് അതിന് അധികാരമില്ല. അവർ ഭരണഘടനയെയോ, നിയമത്തെയോ ബഹുമാനിക്കുന്നില്ല, അവർ സ്വയം ഭരണഘടന ചമയുന്നു.'– മുഖ്യമന്ത്രി ആരോപിച്ചു. ബേദിയെ മാറ്റണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നാരായണസ്വാമി ആവശ്യപ്പെട്ടു. പുതുച്ചേരിയെ തമിഴ്നാടിന്റെ ഭാഗമാക്കാൻ പ്രധാനമന്ത്രിയും ഗവർണറും ഗൂഢാലോചന നടത്തുന്നതായും മുഖ്യമന്ത്രി ആരോപിച്ചു.