election

ആലപ്പുഴ: യു.ഡി.എഫ് പിന്തുണയിൽ എൽ.ഡി.എഫിനു ലഭിച്ച ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാൻ സി.പി.എം ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശം. സംസ്ഥാന കമ്മിറ്റി തീരുമാനത്തിൽ നിന്ന് വ്യത്യസ്തമായി എടുത്ത നിലപാട് പാർട്ടിയെ തിരിഞ്ഞുകൊത്തുന്ന സാഹചര്യമുണ്ടാക്കുമെന്ന് ഇന്നലെ ചേർന്ന ജില്ലാ കമ്മിറ്റിയോഗം വിലയിരുത്തി.

പ്രതിപക്ഷ നേതാവിന്റെ സ്വന്തം ഗ്രാമപഞ്ചായത്തിൽ സി.പി.എം പ്രതിനിധി വിജയമ്മ ഫിലേന്ദ്രനാണ് യു.ഡി.എഫ് പിന്തുണയിൽ പ്രസിഡന്റായത്.വൈസ് പ്രസിഡന്റ് സ്ഥാനം യു.ഡി.എഫിലെ രവികുമാറിനും ലഭിച്ചു.18 അംഗ പഞ്ചായത്തിൽ യു.ഡി.എഫിനും ബി.ജെ.പിക്കും ആറ് സീറ്റുകൾ വീതമാണ് ലഭിച്ചത്. എൽ.ഡി.എഫിന് അഞ്ചു സീറ്റും .. ഒരു സ്വതന്ത്രനും. കഴിഞ്ഞ തവണ ഇടതുപക്ഷം ഭരിച്ചിരുന്ന പഞ്ചായത്താണിത്.

പ്രതിപക്ഷ നേതാവിന്റെ പഞ്ചായത്തിൽ കോൺഗ്രസ് പിന്തുണയോടെ സി.പി.എം പ്രതിനിധി പ്രസിഡന്റ് പദത്തിലെത്തിയത് വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. എൽ.ഡി.എഫും യു.ഡി.എഫും ധാരണയിലാണെന്ന വിധത്തിലായിരുന്നു പ്രചാരണം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സംഭവിക്കാൻ പോകുന്ന കൂട്ടുകെട്ടിന്റെ സൂചനയാണിതെന്ന് ബി.ജെ.പി ആരോപണമുന്നയിച്ചിരുന്നു.

ജനാധിപത്യ മഹിളാ അസോസിയേഷൻ ചെന്നിത്തല വില്ലേജ് കമ്മിറ്റി അംഗമാണ് വിജയമ്മ ഫിലേന്ദ്രൻ. കോൺഗ്രസ് മാന്നാർ ബ്ളോക്ക് സെക്രട്ടറിയായിരുന്ന രവികുമാർ രണ്ട് വർഷവും, തുടർന്നുള്ള മൂന്ന് വർഷം കോൺഗ്രസ് അംഗങ്ങളായ ഷിബു കിളിമൺതറയും അഭിലാഷ് തുമ്പിനാത്തും വൈസ് പ്രസിഡന്റ് സ്ഥാനം പങ്കിടാനായിരുന്നു ധാരണ.