ആലപ്പുഴ: ഗൗരിഅമ്മ തുടർച്ചയായി മത്സരിച്ചിരുന്ന അരൂർ അടക്കം നാല് സീറ്റുകൾ എൽ.ഡി.എഫിനോട് ആവശ്യപ്പെടാൻ ജെ.എസ്.എസ് സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.
അഡ്വ.എ.എൻ. രാജൻബാബുവിന്റെ നേതൃത്വത്തിൽ ജെ.എസ്.എസിനെ യു.ഡി.എഫിൽ എത്തിക്കാൻ ശ്രമിക്കുന്നുവെന്ന പ്രചാരണത്തെ തുടർന്ന് അച്ചടക്ക നടപടിക്ക് വിധേയരായവരും , ഗൗരിഅമ്മ ആവശ്യപ്പെട്ടിട്ടും പിന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ സ്ഥാനം രാജിവയ്ക്കാതെ പാർട്ടിയിൽ നിന്നു പുറത്താക്കപ്പെട്ട ടി.കെ.സുരേഷിന്റെ നേതൃത്വത്തിൽ നടത്തുന്ന സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളും അവസാനിപ്പിക്കും. ഇവർക്കെതിരെ നടപടിയുണ്ടാവും.
130 സംസ്ഥാന കമ്മിറ്റി അംഗങ്ങളിലെ 125 പേരും,.14 അംഗ സംസ്ഥാന സെന്ററിലെ 12 പേരും പങ്കെടുത്തു. യോഗത്തിനു മുമ്പ് പ്രസിഡന്റ് എ.എൻ.രാജൻ ബാബു ഉൾപ്പെടെയുള്ള നേതാക്കൾ ചാത്തനാട്ടെ വസതിയിൽ ഗൗരിഅമ്മയെ സന്ദർശിച്ച് സംസ്ഥാന സമ്മേളനമടക്കമുള്ള വിഷയങ്ങളിൽ അംഗീകാരം തേടിയിരുന്നു. 30, 31 തീയതികളിൽ എട്ടാമത് സംസ്ഥാന സമ്മേളനം ആലപ്പുഴ നഗരചത്വരത്തിൽ നടത്താനും തീരുമാനിച്ചു.
സംസ്ഥാന പ്രസിഡന്റ് അഡ്വ.എ.എൻ.രാജൻ ബാബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ.സഞ്ജീവ് സോമരാജൻ പ്രവർത്തന റിപ്പോർട്ടവതരിപ്പിച്ചു. ആർ.പൊന്നപ്പൻ, ബാലരാമപുരം സുരേന്ദ്രൻ,കാട്ടുകുളം സലിം, പി.സി.ബീനാകുമാരി,ശിവാനന്ദൻ രാമപുരം, കൃഷ്ണൻകുട്ടി, പി.സി.ജയൻ, അഡ്വ.പി.ആർ.പവിത്രൻ, അഡ്വ.പ്രസാദ് കൊല്ലം,കെ.പി.സുരേഷ്,പി.രാജു എന്നിവർ പങ്കെടുത്തു.