blasters

മഡ്ഗാവ് : ഐ.എസ്.എൽ സീസണിലെ തങ്ങളുടെ രണ്ടാം ജയം നേടി കേരള ബ്ളാസ്റ്റേഴ്സ്. ഇന്നലെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ജംഷഡ്പൂർ എഫ്.സിയെയാണ് മഞ്ഞപ്പട തോൽപ്പിച്ചത്.

22-ാം മിനിട്ടിൽ കോസ്റ്റ നെയ്മിനേസുവിന്റെ തകർപ്പനൊരു ഹെഡറിലൂടെയാണ് ബ്ളാസ്റ്റേഴ്സ് മുന്നിലെത്തിയിരുന്നത്. ഫകുൻഡോ പെരേരയുടെ ക്രോസിൽ നിന്നായിരുന്നു കോസ്റ്റയുടെ ഹെഡർ. എന്നാൽ അധികനേരം ലീഡിന്റെ ആശ്വാസം അനുഭവിക്കാൻ ബ്ളാസ്റ്റേഴ്സിന് കഴിഞ്ഞില്ല. 36-ാം മിനിട്ടിൽ ഒരു ഫ്രീകിക്കിൽ നിന്ന് നെരുജിൽ വൽക്കീസാണ് ജംഷഡ്പൂരിന് സമനില നേടിക്കൊടുത്തത്.

രണ്ടാം പകുതിയിൽ മൂന്ന് മിനിട്ടിന്റെ ഇടവേളയിൽ രണ്ടുഗോളുകൾ നേടിയ ജോർദാൻ മറെയാണ് മഞ്ഞപ്പടയ്ക്ക് ആവേശം പകർന്നത്. 79-ാംമിനിട്ടിൽ തകർപ്പനൊരു വലംകാലൻ ഷോട്ടിലൂടെയാണ് മറെ സ്കോർ ചെയ്തത്. 82-ാം മിനിട്ടിൽ വലംകാലൻ ഷോട്ടിലൂടെ അടുത്തഗോളും നേടി. 85-ാം മിനിട്ടിൽ വൽക്കീസ് വീണ്ടും സ്കോർ ചെയ്തത് കളി ആവേശത്തിലാക്കി. 10മത്സരങ്ങളിൽ നിന്ന് 9

പോയിന്റുമായി 10-ാം സ്ഥാനത്ത് തുടരുകയാണ് ബ്ളാസ്റ്റേഴ്സ്.

രണ്ടാം പകുതിയിൽ ചില മികച്ച ശ്രമങ്ങൾ ഇരു ടീമുകളുടെ ഭാഗത്തുനിന്നുമുണ്ടായി.61-ാം മിനിട്ടിലെ സഹലിന്റെ പാസിൽ നിന്നുള്ള വിൻസെന്റെ ഗോമസിന്റെ ഷോട്ട് വലയ്ക്ക് പുറത്തേക്കാണ് പോയത്. 66-ാം മിനിട്ടിൽ രണ്ടാം മഞ്ഞക്കാർഡും കണ്ട് ലാൽറുത്തുവാര പുറത്തായതോടെ ബ്ളാസ്റ്റേഴ്സ് പത്തുപേരായി ചുരുങ്ങി. 74-ാം മിനിട്ടിൽ ജെസെൽ കാർനെയ്റോയുടെ പാസിൽ നിന്നുള്ള ജോർദാൻ മറെയുടെ ശ്രമവും ഫലം കണ്ടില്ല.