'മാമാങ്കം' എന്ന മമ്മൂട്ടി ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ഡൽഹി സ്വദേശി കൂടിയായ പ്രാചി തെഹ്ലാൻ. ചിത്രത്തിൽ 'ഉണ്ണിമായ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് നടി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുകയായിരുന്നു. 'മാമാങ്ക'ത്തിന് പിന്നാലെ നടി മോഹൻലാൽ ചിത്രമായ 'റാമി'ലും അഭിനയിക്കുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു.
എന്നാൽ പിന്നീട് പ്രാചി സിനിമയിൽ നിന്നും പിന്മാറുകയായിരുന്നു. ഇപ്പോൾ മോഹൻലാൽ ചിത്രത്തിൽ നിന്നും താൻ പിൻമാറിയതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നടി. നടി എന്ന നിലയിൽ തനിയ്ക്ക് 'റാമി'ൽ ഒന്നും ചെയ്യാൻ ഇല്ലാതിരുന്നതിനാലാണ് ചിത്രത്തിൽ നിന്നും പിന്മാറാൻ തീരുമാനിച്ചതെന്നാണ് പ്രാചി പറയുന്നത്. ഒരു പ്രമുഖ മാദ്ധ്യമത്തോടാണ് നടി ഇക്കാര്യം പറഞ്ഞത്.
ചലച്ചിത്ര രംഗത്ത് തന്റേതായ ഒരു ഇടം കണ്ടെത്താനാണ് ആഗ്രഹിക്കുന്നതെന്നും അതിനു സഹായിക്കുന്ന വേഷങ്ങൾ ചെയ്യാനാണ് തനിക്ക് ആഗ്രഹമെന്നും നടി വ്യക്തമാക്കി. അത്തരം അവസരങ്ങൾക്കായി കാത്തിരിക്കുകയാണ്. പ്രാചി തെഹ്ലാൻ പറയുന്നു.
'മോഹന്‍ലാലിനൊപ്പം ഒരു ചിത്രം വലിയ നേട്ടവും സ്വപ്നവുമാണ്. അവരെന്നെ ആ ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നു എന്നതും സത്യമാണ്. പക്ഷേ കഥ കേട്ടു കഴിഞ്ഞപ്പോള്‍ ആ റോളില്‍, ഒരു നടി എന്ന നിലയില്‍ എനിക്കു ചെയ്യാന്‍ വലുതായി ഒന്നുമില്ലെന്നു തോന്നി. അത്ര ചെറിയൊരു റോള്‍ മാത്രമായിരുന്നു അത്. അതിനാല്‍ പിന്‍വാങ്ങി.'-പ്രാചി തെഹ്ലാൻ പറഞ്ഞു.