yogi

ലക്‌നൗ: മദ്യത്തിന് രാജ്യത്തെ ഏറ്റവും കുറഞ്ഞ വില ഈടാക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാട്. സംസ്ഥാനത്ത് ഇനി ബിയറും വിദേശമദ്യവും വൈനുമെല്ലാം കുറഞ്ഞ വിലയിലാകും ലഭിക്കുക. അടുത്ത സാമ്പത്തികവർഷമം മുതൽ ആയിരിക്കും എക്സൈസ് നികുതിയിൽ ഏർപ്പെടുത്തിയിരിക്കുന്ന ഇളവ് നിലവിൽ വരിക. ശനിയാഴ്ചയാണ് യോഗി സർക്കാർ ഇക്കാര്യം പ്രഖ്യാപിച്ചത്. സർക്കാരിന്റെ പുതിയ നയം അനുസരിച്ച് 280 ശതമാനം ആയിരുന്ന എക്സൈസ് ഡ്യൂട്ടി 200 ശതമാനമായി കുറയും.

ഇത് പ്രകാരം, ബിയർ കടകളുടെ ലൈസൻസ് ഫീസിലും വർദ്ധന ഉണ്ടായിരിക്കില്ല. കൊവിഡ് സാഹചര്യം കാരണം ഏർപ്പെടുത്തിയിരുന്ന സെസ് കൂടി പിൻവലിക്കുന്നതോടെ മദ്യത്തിന്റെ വില വീണ്ടും കുറയും. അയൽസംസ്ഥാനങ്ങൾ കൊവിഡ് സെസ് എടുത്തുകളഞ്ഞത് മൂലം ഉത്തർപ്രദേശിൽ മദ്യത്തിന്റെ വില അധികമായിരുന്നു. ഇക്കാരണം കൊണ്ട്, വൈൻ, ബിയർ. വിദേശമദ്യം, പ്രാദേശിക മദ്യം എന്നിവയുടെ സെസ് കുറയ്ക്കുമെന്ന് ഉത്തരവിൽ പറയുന്നു.

അതേസമയം, ബിയർ ഷോപ്പുകൾ ഒഴിച്ചുള്ള എല്ലാ ഷോപ്പുകൾക്കും ലൈസൻസ് ഫീ 7.5 ശതമാനമായി വർദ്ധിപ്പിക്കും. 2020-21ൽ 28,340 കോടി രൂപ വരുമാനം പ്രതീക്ഷിച്ച സർക്കാർ 2021-22ൽ സംസ്ഥാന സർക്കാർ 34,500 കോടി രൂപയാണ് എക്സൈസ് വകുപ്പിൽ നിന്ന് ലഭിക്കുമെന്ന് കണക്കുകൂട്ടുന്നത്.

പുതിയ നിയമം അനുസരിച്ച് സംസ്ഥാനത്തുള്ളവർക്ക് 1.5 ലിറ്റർ മദ്യം വരെ സൂക്ഷിക്കാൻ കഴിയും. എന്നാൽ ഈ പരിധിയെക്കാൾ കൂടുതൽ മദ്യം സംഭരിക്കുന്നതിന് സംസ്ഥാന എക്സൈസ് വകുപ്പിൽ നിന്നും ലൈസൻഡ് വാങ്ങണം. അതേസമയം, ഉത്തർ പ്രദേശിൽ തന്നെ നിർമിക്കുന്ന മദ്യം 85 രൂപയുടെ ടെട്രാ പായ്ക്കുകളിൽ സംസ്ഥാനത്തുടനീളം ലഭ്യമായിരിക്കും. ബിയറിന്റെ എക്സൈസ് തീരുവയും കുറച്ചിട്ടുണ്ട്. ബിയറിന്റെ ഷെൽഫ് ആയുസ് ഒമ്പത് മാസമായിരിക്കും.