kerala-university-

തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി ആസ്ഥാനത്ത് സ്‌പോട്ട് അഡ്മിഷന് മകളോടൊപ്പമെത്തിയ പിതാവിനെ മർദ്ദിച്ചെന്ന പരാതിയിൽ സുരക്ഷാജീവനക്കാരോട് വിശദീകരണം തേടിയതായി കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ.സി.ആർ.പ്രസാദ് പറഞ്ഞു. മർദനമേറ്റ ജി.വിനുകുമാറിനോട് സംഭവത്തെപ്പറ്റി ചോദിച്ചതായും സെക്യൂരിറ്റി ജീവനക്കാർ കുറ്റം ചെയ്തതായി കണ്ടെത്തിയാൽ നടപടി സ്വീകരിക്കുമെന്നും രജിസ്ട്രാർ അറിയിച്ചു.

കഴിഞ്ഞ വ്യാഴാഴ്ച നടന്ന സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാൻ മകളുമായെത്തിയ ആണ്ടൂർക്കോണം കീഴാവൂർ ഗീതാലയത്തിൽ ജി. വിനുകുമാറാണ് പരാതിയുമായി എത്തിയത്. അകത്തെ ഹാളിലായിരുന്ന മകൾക്ക് അഡ്മിഷനുള്ള പണം നൽകുന്നതിനായി മുമ്പോട്ട് നീങ്ങിയ വിനുകുമാറിനെ സെക്യൂരിറ്റി ജീവനക്കാർ തടയുകയും തുടർന്ന് മർദ്ദിക്കുകയും ചെയ്‌തെന്നാണ് പരാതി. ആവശ്യമറിയിച്ചിട്ടും ജീവനക്കാർ ചെവിക്കൊണ്ടില്ലെന്നും ഇദ്ദേഹം പറഞ്ഞു.വീട്ടിലെത്തിയ ശേഷം കുഴഞ്ഞുവീണ വിനുകുമാർ പിന്നീട് ചികിത്സ തേടി. നിരവധിപേരുടെ മുന്നിൽ വച്ച് പിതാവിനേറ്റ മർദ്ദനം തനിക്ക് മാനസിക വിഷമം ഉണ്ടാക്കിയെന്ന് കാണിച്ച് മകൾ ബൃന്ദ രജിസ്ട്രാർക്ക് പരാതി നൽകിയിരുന്നു.