തിരുവനന്തപുരം: പുരുഷന്മാരെ വശീകരിച്ച് കൊണ്ടുപോയി മദ്യം നൽകി അബോധാവസ്ഥയിലാക്കിയ ശേഷം കവർച്ച നടത്തുന്ന സ്ത്രീയെ പൊലീസ് പിടികൂടി. കുന്നുകുഴി ബാട്ടൺഹിൽ കോളനിയിലെ സിന്ധുവിനെയാണ് (31) മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റുചെയ്തത്. കണ്ണേറ്റുമുക്ക് സ്വദേശിയായ യുവാവ് നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്. ഡിസംബർ 29ന് രാത്രി 10ന് പ്രതി മെഡിക്കൽ കോളേജ് കാഷ്വാലിറ്റിക്ക് സമീപത്തുവച്ച് യുവാവിനെ വശീകരിച്ചശേഷം ഗരുഡാ ലോഡ്ജിൽ വാടകയ്ക്ക് മുറി എടുപ്പിച്ചു.
തുടർന്ന് അമിതമായി മദ്യം നൽകി അബോധാവസ്ഥയിലാക്കിയശേഷം യുവാവ് ധരിച്ചിരുന്ന മൂന്നരപ്പവന്റെ സ്വർണമാലയും ബ്രേസ്‌ലെറ്റും 5,000 രൂപയും മോഷ്ടിച്ച് ഇവർ രക്ഷപ്പെടുകയായിരുന്നു. പ്രതി വില്പന നടത്തിയ ചാലയിലെ ജുവലറിയിൽ നിന്നും സ്വർണം പൊലീസ് കണ്ടെടുത്തു. ചോദ്യം ചെയ്തതിൽ നിന്നും സമാനരീതിയിൽ കൂടുതൽ കവർച്ച നടത്തിയതായി ഇവർ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജ് എസ്.എച്ച്.ഒ ഹരിലാൽ, എസ്.ഐമാരായ പ്രശാന്ത്, പ്രിയ, വിമൽ, എസ്.സി.പി.ഒമാരായ രഞ്ജിത്, അനിൽ കുമാർ, പ്രീജ, സി.പി.ഒമാരായ പ്രതാപൻ, വിനീത്, ഗോകുൽ, സിനി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.