tarzen-maneesh-

ചാലക്കുടി: ചാലക്കുടിയിലെ വിവിധ ഭാഗങ്ങളിൽ വീടിന്റെ ജനൽ കുത്തിത്തുറന്ന് ഉറങ്ങിക്കിടക്കുന്നവരുടെ ആഭരണങ്ങൾ മോഷണം ചെയ്ത കേസുകളിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട അയ്യപ്പൻതട്ടേൽ വീട്ടിൽ 'ടാർസൻ മനീഷ് ' എന്നറിയപ്പെടുന്ന മനീഷ് മധുവിനെ (39) ആണ് ചാലക്കുടി ഡിവൈ.എസ്.പി: സി.ആർ. സന്തോഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

മനീഷ് മധു ഇപ്പോൾ അടിമാലി കല്ലാർകുട്ടിയിൽ വാടകയ്ക്ക് താമസിക്കുകയാണ്. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി നാൽപതിലേറെ മോഷണ കേസുകളിൽ പ്രതിയാണ്. അടി വസ്ത്രം മാത്രം ധരിച്ച് മോഷണം നടത്തുന്നതിനാലാണ് ഇയാൾക്ക് 'ടാർസൻ' എന്ന പേരു വീണത്. കഴിഞ്ഞ മാസം നോർത്ത് ചാലക്കുടി പള്ളിയുടെ പിറകിലെ വീട്ടിലും, ഗോൾഡൻ നഗറിലെ വീട്ടിലും വാതിലുകളും ജനലുകളും പൂട്ടി വീട്ടുകാർ ഉറങ്ങുന്ന സമയം പുലർച്ചെ ജനൽ പാളി കുത്തിത്തുറന്ന് ഉറങ്ങിക്കിടക്കുന്നവരുടെ ആഭരണങ്ങൾ കവർച്ച നടത്തിയത് ഇയാളായിരുന്നു.

മോഷണം നടന്ന സ്ഥലങ്ങളിലും പരിസരത്തെ നാലു കിലോമീറ്റർ ചുറ്റളവിലുള്ള നൂറോളം സി.സി.ടി.വി കാമറകൾ അന്വേഷണ സംഘം പരിശോധിച്ചപ്പോഴാണ് അടി വസ്ത്രം മാത്രം ധരിച്ച ഒരാളുടെ അവ്യക്തമായ ചിത്രം ലഭിച്ചത്. തുടന്ന് ഇത്തരത്തിൽ കളവു നടത്തുവരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു.


സബ് ഇൻസ്‌പെക്ടർ എം.എസ്. ഷാജൻ, ക്രൈം ഇൻവെസ്റ്റിഗേഷൻ ടീമംഗങ്ങളായ ജിനു മോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സിൽജോ, എ.യു. റെജി, ഷിജോ തോമസ്, സൈബർ വിദഗ്ദൻ എം.ജെ. ബിനു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.