തിരുവനന്തപുരം: തിരുവനന്തപുരം ചെമ്പക സ്‌കൂളിലെ ഡ്രൈവറായിരുന്ന വട്ടപ്പാറ മരുതൂർ പുളിമൂട്ടിൽ വീട്ടിൽ ശ്രീകുമാറിന്റെ മൃതദേഹം ഓട്ടോയ്‌ക്കുളളിൽ കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി. ജോലി നഷ്‌ടപ്പെട്ടതിന്റെ വിഷമത്തിലാണ് ശ്രീകുമാറിന്റെ ആത്മഹത്യ എന്നാണ് സംശയം.50 വയസായിരുന്നു.
ലോക്ക്‌ഡൗൺ സമയത്ത് സ്‌കൂളിലെ അമ്പതോളം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇവർ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്‌കൂളിന് മുന്നിൽ സമരം നടത്തി വരികയായിരുന്നു. ശ്രീകുമാറും സമരത്തിൽ പങ്കെടുത്തിരുന്നു. ഇയാളുടെ ഭാര്യ ബിന്ദുവും സ്‌കൂളിലെ ജീവനക്കാരിയായിരുന്നു. ജോലി നഷ‌്‌ടപ്പെട്ടതിനെ തുടർന്ന് ശ്രീകുമാർ ഓട്ടോ ഓടിക്കുകയായിരുന്നു.
ഇന്ന് രാവിലെയാണ് സ്‌കൂളിന് സമീപം ഓട്ടോറിക്ഷയിൽ കത്തികരിഞ്ഞ നിലയിൽ ശ്രീകുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് സംശയം. ഫയർഫോഴ്‌സ് സംഭവസ്ഥലത്ത് എത്തിയപ്പോഴേക്കും മൃതദേഹം പൂർണമായും കത്തികരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ശ്രീകാര്യം പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ഗായത്രി, മീനു എന്നിവരാണ് മക്കൾ.