eee

ജീവിതത്തിൽ സമ്മാനങ്ങൾക്ക് വലിയ പ്രാധാന്യമാണുള്ളത്. ബന്ധങ്ങളുടെ സാക്ഷാത്ക്കാരപ്രതീകമായും ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനും മാത്രമല്ല സ്നേഹസ്‌മരണയുടെ ചിഹ്നമായും സമ്മാനങ്ങൾ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്.പിറന്നാളിനും വിവാഹത്തിനും വിവാഹവാർഷികത്തിനും ഗൃഹപ്രവേശനത്തിനും ഉൾപ്പെടെ നിരവധി സന്ദർഭങ്ങളിൽ നാം സമ്മാനം കൊടുക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്നുണ്ട്. പ്രണയിതാക്കൾ പരസ്‌പരം കൈമാറുന്ന ഉപഹാരങ്ങൾ അവരുടെ പ്രേമപുസ്‌തകത്തിലെ മായാത്ത അക്ഷരങ്ങളാണ്. അതിന്റെ ഓർമ്മയും സ്നേഹസുഗന്ധവും അവരുടെ ജീവിതത്തിൽ എക്കാലവും അനുഭൂതി പടർത്തും. കാമുകനോ കാമുകിയോ ആദ്യമായി നൽകുന്ന സമ്മാനം അവരുടെ പ്രണയമുദ്ര ആണ്. ഉപഹാരത്തിന്റെ മൂല്യം കേവലം കറൻസി നോട്ടുകളിൽ ഒതുക്കാൻ കഴിയില്ല. അത് കൈമാറുന്നവർക്കിടയിലുള്ള സ്നേഹമൂല്യത്തിന്റെ പ്രതീകമാണ്. ഒരിക്കലും വിലയിടാൻ കഴിയാത്ത വസ്‌തു. വസ്‌തുക്കളുടെ മൂല്യം അതിന്റെ ആദാനപ്രദാന സാഹചര്യങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. എന്തു കൊടുക്കുന്നു എന്നതല്ല ആര് ആർക്ക് എന്തിന് എപ്പോൾ കൊടുത്തു എന്നതാണ് പ്രധാനം. മഹാന്മാർ ഉപയോഗിച്ച വസ്‌തുക്കൾ കോടിക്കണക്കിനു രൂപയ്‌ക്ക് ലേലത്തിൽ പോകുന്നത് അതുകൊണ്ടാണ്. അതിന്റെ മൂല്യം അതുപയോഗിച്ച വ്യക്തിയുടെ ജീവിതമൂല്യത്തിന്റെ പ്രതീകമാണ്. അതുകൊണ്ടുതന്നെ അത് അതുല്യമായിത്തീരുന്നു.

ചെറുപ്പം മുതൽക്കേ കിട്ടിയിട്ടുള്ള ചെറിയ സമ്മാനങ്ങൾ പോലും സൂക്ഷിച്ചുവയ്‌ക്കുന്നവരുണ്ട്. അത് ഓർമ്മയുടെ സുഗന്ധം പരത്തുന്ന വസ്‌തുക്കളായി അവരുടെ ജീവിതത്തിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. മൺമറഞ്ഞുപോയവരുടെ തിരുശേഷിപ്പുകൾ അവർ നമുക്ക് സമ്മാനിച്ച ഉപഹാരങ്ങളോ വസ്‌തുക്കളോ ആണ്. ഓരോ ഉപഹാരത്തിന്റെ പിന്നിലും മധുരതരമായ ഒരു ഓർമ്മ ഉണ്ടാകും.

മഹാത്മാഗാന്ധിയുടെ അനുയായിയും സ്വതന്ത്ര്യസമര പ്രവർത്തകനും പത്രപ്രവർത്തകനുമായിരുന്ന കാക കലേക്കർ. ഗാന്ധിയുടെ ആദർശങ്ങളിൽ ആകൃഷ്‌ടനായി സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന അദ്ദേഹം സ്വതന്ത്രസമരപ്രസ്ഥാനത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്ന് മടങ്ങിവന്ന ശേഷമുള്ള കോൺഗ്രസ് സമ്മേളനത്തിൽ അദ്ദേഹത്തെ സഹായിക്കാനായി കാകാ കലേക്കർ എത്തി. മുംബയിലായിരുന്നു ഈ സമ്മേളനം.

ഒരു ദിവസം ഗാന്ധിജി ആകാംക്ഷാപൂർവം എന്തോ തിരയുന്നത് കാകാ കലേക്കറുടെ ശ്രദ്ധയിൽപ്പെട്ടു.

'' എന്താണ്? എന്തു പറ്റി? അങ്ങ് എന്താണ് അന്വേഷിക്കുന്നത്?""

കാകാ സാഹിബ് ചോദിച്ചു.

'' എന്റെ പെൻസിൽ കാണുന്നില്ല. വലിയ വിലയുള്ള പെൻസിൽ ആയിരുന്നു അത്."

പെൻസിൽ കണ്ടെത്താനായി കാകാസാഹിബ് കലേക്കറും അവിടമൊക്കെ തിരഞ്ഞു. പക്ഷേ കിട്ടിയില്ല. ഒരുപാടു തിരക്കുകൾ ഉള്ള ദിവസമായിട്ടും ചെറിയൊരു പെൻസിൽ തപ്പി ഗാന്ധിജി സമയം കളയുന്നത് എന്തിനാണെന്ന് അദ്ദേഹം അത്ഭുതപ്പെട്ടു.

'' ആ പെൻസിൽ പോയെങ്കിൽ പോകട്ടെ. ഞാൻ എന്റെ പെൻസിൽ തരാം.""

അദ്ദേഹം തന്റെ പെൻസിലെടുത്ത് ഗാന്ധിജിക്ക് നേരെ നീട്ടി.

''നോ!നോ! എനിക്ക് എന്റെ പെൻസിൽ തന്നെ വേണം""

ഗാന്ധിജി കൊച്ചുകുട്ടിയെപോലെ വാശിപിടിച്ചു.

''ഓകെ! ഇപ്പോഴത്തെ ആവശ്യം നടക്കട്ടെ. ഈ പെൻസിൽ ഉപയോഗിക്കൂ. ഞാൻ ആ പെൻസിൽ പിന്നീട് കണ്ടുപിടിച്ചു തരാം. ഇപ്പോൾ അതു നോക്കി നടന്ന് അങ്ങ് വിലപ്പെട്ട സമയം കളയേണ്ട!""

'' കാകാ! നിങ്ങൾക്കതിന്റെ വില മനസിലാവില്ല. ആ പെൻസിൽ എന്റെ ജീവനുതുല്യം ഞാൻ വിലമതിക്കുന്ന ഒന്നാണ്.""

കാകാ കലേക്കറിന് ഒന്നും മനസിലായല്ല. ഒരു പെൻസിലിന് എന്താണിത്ര മൂല്യമുള്ളത്? ഗാന്ധിജി അദ്ദേഹത്തോട് പറഞ്ഞു.

''ഞാൻ മദ്രാസിൽ പോയപ്പോൾ നടേശന്റെ കുഞ്ഞുമകൻ അതീവസ്നേഹത്തോടെ എനിക്ക് സമ്മാനിച്ചതാണ് ആ കുഞ്ഞു പെൻസിൽ.അവൻ അത് എനിക്ക് തന്നപ്പോൾ അവന്റെ സ്നേഹാർദ്രമായ ഹൃദയമാണ് എനിക്ക് നൽകിയത്. അവനെ നഷ്‌ടപ്പെടുന്നതുപോലെയാണ് എനിക്കാ പെൻസിൽ നഷ്‌ടപ്പെടുന്നതും.""

ഗാന്ധിജിക്ക് ആ കുട്ടിയുമായുള്ള ഹൃദയബന്ധത്തിന്റെ പ്രതീകമാണ് ആ പെൻസിൽ എന്നറിഞ്ഞപ്പോൾ കാകാ കലേക്കർ പിന്നീട് ഒരു വാഗ്വാദത്തിനു പോയില്ല. അദ്ദേഹം കൂടി ഗാന്ധിജിയോടൊപ്പം പെൻസിൽ തിരഞ്ഞു. കുറേകഴിഞ്ഞപ്പോൾ അത് കണ്ടുകിട്ടുകയും ചെയ്തു.

അത് കിട്ടിയപ്പോൾ ഗാന്ധിജിയുടെ കണ്ണുകൾ വജ്രം പോലെ തിളങ്ങിയത് കാകാ കലേക്കർ ശ്രദ്ധിച്ചു. ആ മുറിപ്പെൻസിൽ കേവലം ഒരു വ‌സ്‌തുവായിരുന്നില്ല ഓർമ്മകളുടെ ഹൃദയബന്ധത്തിന്റെ കരുതലിന്റെ സ്നേഹസൗരഭ്യമുള്ള അമൂല്യ ഉപഹാരമായിരുന്നു.

ഒരു വസ്‌തുവിന്റെ മൂല്യം എന്നത് അതിന്റെ കേവലമൂല്യമല്ല, മറിച്ച് അതിന് നാം കൊടുക്കുന്ന പരിഗണനയും സ്നേഹവും കൂടി ചേർന്നതാണ്. അത് ഓർമ്മയുടെ ഒരു സുഗന്ധപുഷ്‌പമാണ്.