സുൽത്താൻ ബത്തേരി: കടുവയുടെ പിടിയിൽ നിന്ന് മൂന്നു മാസം മുമ്പ് പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ട ചെതലയം റേഞ്ച് ഓഫീസർ ടി. ശശികുമാർ (54) വീണ്ടും ആക്രമണത്തിനിരയായി. ജനവാസമേഖലയിലെത്തിയ കടുവയെ തുരത്താനുള്ള ശ്രമത്തിനിടയിലാണ് ഇന്നലെയും പരിക്കേറ്റത്. ഉച്ചകഴിഞ്ഞ് രണ്ടേമുക്കാലോടെ കൊളവള്ളിയിലാണ് സംഭവം. ഇടതുനെഞ്ചിലും ചുമലിലും പുറത്തുമാണ് പരിക്ക് . മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദിവസങ്ങളായി മുള്ളൻകൊല്ലി കൊളവള്ളിയിലിറങ്ങിയ കടുവ ജനങ്ങൾക്ക് ഭീഷണിയായതോടെ വനത്തിലേക്ക് തിരിച്ചുവിടാനായി ശശികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തെരച്ചിൽ നടത്തി വരുകയായിരുന്നു. തോട്ടത്തിൽ കണ്ടെത്തിയ കടുവയെ തുരത്താൻ ശ്രമിക്കവേ ആക്രമിക്കുകയായിരുന്നു. ശശികുമാറിന്റെ നെഞ്ചിലും ചുമലിലും ആഞ്ഞടിച്ച് മാന്തി. ഒപ്പമുണ്ടായിരുന്നവർ ബഹളമുണ്ടാക്കിയതോടെ ഓടി മറഞ്ഞു.
മാസങ്ങൾക്കു മുമ്പ് പുൽപ്പള്ളി ചാത്തമംഗലത്ത് വച്ചുണ്ടായ ആദ്യ ആക്രമണവും ഇതിനു സമാനമായിരുന്നു. ആ പരിക്ക് പൂർണമായി ഭേദമായിട്ടില്ല. അന്ന് ജീവൻ തിരിച്ചുകിട്ടാൻ നിമിത്തമായത് ഹെൽമറ്റാണ്. പരിസരവാസി നിർബന്ധിച്ച് ഹെൽമറ്റ് കൊടുക്കുകയായിരുന്നു. കടുവ ചാടി വീണത് തലയിലേക്കാണ്. ആഞ്ഞടിച്ച് തല തകർക്കാൻ ശ്രമിക്കവേ ഡ്രൈവർ മാനുവൽ ഇരുമ്പുവടി കടുവയ്ക്ക് നേരെ വീശിയെറിഞ്ഞു. അതോടെ കടുവ മാനുവലിന് നേർക്കായി. മാനുവലിനെ കടിച്ച് കുടഞ്ഞ കടുവ ഷൂസ് കടിച്ചെടുത്ത് കാട്ടിലേക്ക് മറയുകയായിരുന്നു.