കാസർകോട് : പെരിയ ഇരട്ടക്കൊലപാതക കേസ് സി ബി ഐയെ ഏൽപ്പിക്കരുതെന്ന് ആവശ്യപ്പെട്ടു കൊണ്ട് ലക്ഷങ്ങൾ ചിലവഴിച്ച് സമർത്ഥരായ അഭിഭാഷകരെ നിയോഗിച്ച് കോടതികളിൽ പോരാടിയെങ്കിലും സർക്കാരിന് പരാജയമായിരുന്നു ഫലം. ഒടുവിൽ സി ബി ഐ അന്വേഷണം ആരംഭിച്ചതോടെ പ്രതിരോധത്തിലേക്ക് കളം മാറ്റി ചവിട്ടിയിരിക്കുകയാണ് സി പി എം.
കേസിൽ ഇപ്പോൾ അറസ്റ്റിലായി ജയിലിൽ കഴിയുന്ന പതിനാല് പ്രതികളും സി പി എമ്മുമായി നേരിട്ട് ബന്ധമുള്ളവരാണ്. ഇതു കൂടാതെ സി ബി ഐ അന്വേഷണം കൊലപാതകത്തിലെ ഗൂഢാലോചന അടക്കമുള്ള വിഷയങ്ങളിലേക്ക് തിരിയുവാനും സാദ്ധ്യതയേറെയാണ്. കൊലപാതകത്തിന്റെ ഡമ്മിപരീക്ഷണമടക്കം നടത്തി സി ബി ഐ അന്വേഷണം പുരോഗമിക്കുമ്പോൾ പ്രതികളുടെ മൊഴി വ്യത്യസ്തമാകാതിരിക്കാനുള്ള നടപടികൾക്ക് പാർട്ടി രൂപം നൽകിയിരിക്കുകയാണ്. ഇതിനായി ജയിലിലേക്ക് അഭിഭാഷക സംഘത്തെ തന്നെ നിയോഗിച്ചു എന്ന റിപ്പോർട്ട് ഒരു പ്രമുഖ മാദ്ധ്യമം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. നാല് അഭിഭാഷകരെയാണ് ജയിലിലെത്തി പ്രതികളെ മൊഴികൾ പഠിപ്പിക്കുന്നതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്.
സി ബി ഐ സൂപ്രണ്ട് നന്ദകുമാരൻ നായരുടെ മേൽനോട്ടത്തിലുള്ള ഡി വൈ എസ് പി അനന്തകൃഷ്ണന്റെ സംഘമാണു പെരിയ കേസ് അന്വേഷിക്കുന്നത്. കാസർകോട് ഗവ ഗസ്റ്റ് ഹൗസിൽ ഇതിനായി സി ബി ഐ ക്യാംപ് ഓഫിസും തുറന്നിട്ടുണ്ട്. പെരിയ കേസിൽ സി ബി ഐ അന്വേഷണം എത്തിയതോടെ ജയിലിൽ കഴിയുന്ന പ്രതികൾ പാർട്ടി നേതൃത്വത്തിനെതിരെ ശബ്ദമുയർത്തിയതായും സൂചനയുണ്ട്.