tax

ന്യൂഡൽഹി: വരുന്ന ബഡ്‌ജറ്റിൽ കൊവിഡ് സെസ് ഏർപ്പെടുത്താൻ ആലോചനയുമായി കേന്ദ്ര സർക്കാർ. ഫെബ്രുവരിയിൽ അടുത്ത ബജ‌റ്റിൽ ഈ തീരുമാനമുണ്ടായേക്കും. രാജ്യത്തെ അധിക വരുമാനമുള‌ളവർക്കുമേലാണ് നികുതി ചുമത്തുന്നതിന് ആലോചിക്കുന്നത്. കൊവിഡ് മൂലമുണ്ടായ അധിക ചെലവിന് പണം കണ്ടെത്താനാണ് കേന്ദ്രത്തിന്റെ നീക്കം. പല സംസ്ഥാനങ്ങളും നിലവിൽ വാക്‌സിൻ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

വാക്‌സിൻ വിതരണത്തിൽ കേന്ദ്രത്തിന് ഉണ്ടാകാൻ പോകുന്നത് വലിയ ചെലവാണ്. അതിനാലാണ് ഇത്തരമൊരു ആലോചനയിലേക്ക് കേന്ദ്രം കടക്കുന്നത് എന്നാണ് സൂചന. മുൻപും ഇത്തരം ആലോചന കേന്ദ്രത്തിനുണ്ടായിരുന്നെങ്കിലും പല പ്രതിപക്ഷ കക്ഷികളും എതിർത്തതിനെ തുടർന്ന് തീരുമാനം നടപ്പായില്ല. ഇതുകൂടാതെ പെട്രോളിയം, എക്‌സൈസ് ഡ്യൂട്ടികളിലും കസ്‌റ്റംസ് ഡ്യൂട്ടിയിലും സെസ് ഏർപ്പെടുത്താനും ആലോചിക്കുന്നുണ്ട്.

എന്നാൽ ഇത്തരം ആലോചനകളിൽ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. ഈ തീരുമാനങ്ങൾ വലിയ പ്രത്യാഘാതമുണ്ടാകുമെന്ന് ചില വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. കൊവിഡ് സൃഷ്‌ടിച്ച പ്രതിസന്ധിയിൽ നിന്ന് സമ്പദ്‌വ്യവസ്ഥ കരകയറാതെ നിൽക്കുന്നതുകൊണ്ടാണ് ഈ തീരുമാനം പ്രത്യാഘാതമുണ്ടാക്കുമെന്ന് വിദഗ്‌ദ്ധർ പറയുന്നത്. ജി.എസ്.ടി കൗൺസിലിൽ ഉൾപ്പടെ ഈ വിഷയം ചർച്ച ചെയ്യേണ്ടതാണെന്ന് വിദഗ്‌ദ്ധാഭിപ്രായം.