പണ്ടുകാലം മുതൽക്കേ ഇന്ത്യൻ സ്ത്രീകൾ മൂക്കിൽ ആഭരണം ധരിക്കുന്നത് പതിവായിരുന്നു. കവി വർണനയിലും ചിത്ര രചനയിലുമെല്ലാം മൂക്കുത്തിക്കൾക്ക് പ്രത്യേകതമായ സ്ഥാനം നൽകിപ്പോന്നിരുന്നു. ദക്ഷിണേന്ത്യൻ സ്ത്രീകൾ മൂക്കിന്റെ വലതുഭാഗത്താണ് മൂക്കുത്തി ധരിക്കുന്നത്. എന്നാൽ ഉത്തരേന്ത്യൻ സ്ത്രീകൾ ഇടത് ഭാഗത്തും മൂക്കുത്തി ധരിക്കുന്നു. മൂക്കിന്റെ ഇരുഭാഗത്തും മൂക്കുത്തി ധരിക്കുന്നവരുടെ എണ്ണവും കൂടി വരുന്നുണ്ട്. മൂക്കുത്തിയെ സംബന്ധിച്ച് ഹിന്ദുക്കളുടെ ഇടയിൽ ഒരു വിശ്വാസം പ്രചാരത്തിലുണ്ട്. വിവാഹത്തിനുമുമ്പ് വധു ഏഴുതവണ അഗ്നിയ്‌ക്ക് ചുറ്റും പ്രദക്ഷിണം വച്ച് മൂക്കുത്തി ധരിച്ചാൽ ജീവിതകാലം മുഴുവൻ നന്മ വരുമെന്നാണ് വിശ്വാസം. ഇന്നിപ്പോൾ വിശ്വാസം മാറി ഫാഷന്റെ ഭാഗമായിട്ടാണ് എല്ലാവരും മൂക്കുത്തി ധരിക്കുന്നത്. ആണും പെണ്ണും മൂക്കുത്തി ധരിക്കുന്നതിൽ നിന്നു തന്നെ അവയുടെ പ്രാധാന്യവും മനസിലാക്കാവുന്നതേയുള്ളൂ.
മുൻകാലങ്ങളിൽ ഡോക്‌ടറിനെ കൺസൾട്ട് ചെയ്‌തോ സ്വർണപ്പണിക്കാരുടെ അടുത്ത് പോയോ ഒക്കെയാണ് പലരും മൂക്ക് തുളച്ചിരുന്നത്. ഇന്നിപ്പോൾ അത് മാറി ഗൺ ഷൂട്ട് ചെയ്യുന്നവരുടെ എണ്ണം കൂടി വരികയാണ്. വേദനയില്ല എന്നതാണ് പലരും ഗൺ ഷൂട്ടിനെ ആശ്രയിക്കാൻ കാരണം. മിക്ക ബ്യൂട്ടിപാർലറുകളിലും മൂക്കുതുളക്കാനും കാത് കുത്താനുമുള്ള സൗകര്യങ്ങളും കൂടിയതോടെ ആവശ്യക്കാരും ഏറി.
മൂക്കുത്തി ധരിക്കുന്നത് കൊണ്ട് ശാസ്ത്രീയമായി ചില നേട്ടമുണ്ടെന്നും വിശ്വസിക്കപ്പെടുന്നു. ഗന്ധങ്ങൾ മനസിലാക്കുന്നതിന് മൂക്കുത്തി ധരിക്കുന്നവർക്ക് കൂടുതൽ കഴിവുണ്ടാകുമെന്നാണ് പറയപ്പെടുന്നത്. ദക്ഷിണേന്ത്യയിൽ മൂക്കുത്തിക്ക് 'നാദ്" എന്നും പേരുണ്ട്. തമിഴ് നാട്ടിലും കർണാടകയിലും ഉള്ള സ്ത്രീകളെല്ലാം മുക്കൂത്തി പ്രേമികളാണ്. താമരയുടേയും അരയന്നത്തിന്റെയും ആകൃതിയിലുള്ള മൂക്കുത്തിയാണ് ഇവർക്ക് താത്‌പര്യമുള്ളത്. ഇവയിൽ തിളക്കമുള്ള കല്ലുകളും പതിപ്പിക്കാറുണ്ട്.
രാജസ്ഥാനി സ്ത്രീകൾ ധരിക്കുന്ന മൂക്കുത്തിക്ക് 'മാധുരി" എന്നാണ് പറയുന്നത്. ഇത് കല്ലുകൾ പതിപ്പിച്ച സ്വർണവളയങ്ങളാണ്. ലാത്കൻ, ലാവൂംഗ് എന്നീ പേരുകളിലുള്ള മൂക്കുത്തികളും ഇവിടെയുണ്ട്.
ഉത്തർപ്രദേശിലെ സ്ത്രീകൾ ധരിക്കുന്ന നാദിന് ചലിക്കുന്ന രണ്ടു മുത്തുകൾ ഉണ്ടാകും. പഞ്ചാബികൾ ധരിക്കുന്ന മൂക്കുത്തിക്ക് 'ശികാർ പുരി നാദ്" എന്നാണ് പേര് പറയുന്നത്. ബീഹാറിലാണെങ്കിൽ ഇതിന്റെ പേര് 'ചൂച്ചീ" എന്നാണ്. പഞ്ചാബികൾ മയിലിന്റെ രൂപത്തിലുള്ള ഒരുതരം മൂക്കുത്തി ധരിക്കാറുണ്ട്. ഇതിന് ലാത്കൻ മോർനി എന്ന് പറയുന്നു. മഹാരാഷ്ട്രയിലെ മൂക്കുത്തിക്ക് 'ഗുച്ചേദർ നാദ്" എന്നാണ് പറയുന്നത്. എന്തായാലും മൂക്കിന്റെ ഭംഗി വർദ്ധിപ്പിക്കാനും ഫാഷന്റെ ഭാഗമായും മുക്കൂത്തിക്ക് യുവതലമുറയ്‌ക്കിടയിൽ പ്രധാനപ്പെട്ട സ്ഥാനം തന്നെയാണ് നൽകിയിരിക്കുന്നത്.