nathuram-godse

ഭോപ്പാൽ : രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ഘാതകനായ നാഥുറം ഗോഡ്‌സെയ്ക്കായി പഠനശാല തുറന്ന് ഹിന്ദു മഹാസഭ. പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് വായനശാല ആരംഭിച്ചത്. ഗോഡ്‌സെയ്ക്ക് തന്റെ പ്രവൃർത്തി മണ്ഡലത്തിൽ പ്രചോദനം നൽകിയ ഗുരുക്കൻമാരുടെ ചിത്രങ്ങളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഗാന്ധിഘാതകനായ നാരായൺ ആപ്‌തെയുടെ ചിത്രവും ഗോഡ്‌സെയ്‌ക്കൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. അടുത്ത തലമുറയ്ക്ക് ദേശീയതയുടെ ചൈതന്യം പകരുക എന്ന ഉദ്ദേശത്തോടെയാണ് ലൈബ്രറി സ്ഥാപിച്ചതെന്ന് ഹിന്ദു മഹാസഭാ ദേശീയ വൈസ് പ്രസിഡന്റ് ജയ്വീർ ഭരദ്വാജ് പറഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗോഡ്‌സെയുടെ ജന്മദിനവും, തൂക്കിലേറ്റിയ ദിനവുമെല്ലാം ഹിന്ദു മഹാസഭ ആചരിക്കുന്നുണ്ട്.

യുവാക്കൾക്ക് തങ്ങളുടെ നേതാക്കളുടെ വിപ്ലവകരമായ ചിന്തകൾ നൽകുന്നതിനും അവരെ ബോധവത്കരിക്കുന്നതിനുമായിട്ടാണ് വായനശാല ആരംഭിച്ചിരിക്കുന്നതെന്നും 1947ൽ രാജ്യ വിഭജനത്തിന് ഉത്തരവാദികളായവരെ തുറന്നുകാട്ടാൻ കഴിയുമെന്നും ജയ്‌വീർ ഭരദ്വാജ് പുതു സംരംഭത്തിന്റെ ഉദ്ഘാടനത്തിൽ അഭിപ്രായപ്പെട്ടു. അതേസമയം ഗാന്ധിയുടെ ഘാതകരെ മഹത്വവത്കരിക്കുന്ന ഇത്തരം നടപടികൾക്കെതിരെ സംസ്ഥാനത്തെ സർക്കാർ മൗനം പാലിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.