maullappally-ramachandran

തിരുവനന്തപുരം: വെൽഫയർ പാർട്ടിയുമായുളള ബന്ധം അടഞ്ഞ അദ്ധ്യായമെന്ന് കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ. താൻ എക്കാലത്തും മതേതര നിലപാടാണ് സ്വീകരിച്ചിട്ടുളളത്. മതനിരപേക്ഷ പാരമ്പര്യമുളള കുടുംബത്തിൽ നിന്ന് വരുന്ന ഒരാളാണ് താൻ. അതിൽ ഇതുവരെ വെളളം ചേർക്കേണ്ടി വന്നിട്ടില്ലെന്നും മുല്ലപ്പളളി പറഞ്ഞു.

മുഖ്യമന്ത്രിയും താനും തമ്മിൽ പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസമുണ്ടായിരിക്കാം. എന്നാൽ തന്റെ മതനിരപേക്ഷ നിലപാടിനെപ്പറ്റി മുഖ്യമന്ത്രിക്ക് ഏതെങ്കിലും ഒരു ഘട്ടത്തിൽ അഭിപ്രായ ഭിന്നതയുണ്ടാകുമെന്ന് തോന്നുന്നില്ല. വിദ്യാർത്ഥി രാഷ്ട്രീയം മുതൽ പിണറായിക്ക് നന്നായി അറിയാം. തന്റെ നിലപാടിൽ തനിക്ക് മാറ്റം വരുത്തേണ്ടി വന്നിട്ടില്ലെന്ന് മറ്റാരെക്കാളും നന്നായി മുഖ്യമന്ത്രിക്ക് അറിയാമെന്നും മുല്ലപ്പളളി അഭിപ്രായപ്പെട്ടു.

കോൺഗ്രസ് വെൽഫയർ പാർട്ടിയുമായി ഈ തിരഞ്ഞെടുപ്പിൽ ധാരണയുണ്ടാക്കിയിട്ടില്ല. അതിനെപ്പറ്റി ഇനിയൊരു ചർച്ചയില്ല. അടഞ്ഞ അദ്ധ്യായം ഉയർത്തിക്കൊണ്ടുവരുന്നത് ഗൂഢാലോചനയാണ്. വാർ‌ത്തകൾ കെട്ടിച്ചമച്ചതാണ്. കെ പി സി സി അദ്ധ്യക്ഷൻ എന്ന നിലയിൽ തന്നോട് പി സി ജോർജ് സംസാരിച്ചിട്ടില്ലെന്നും മുല്ലപ്പളളി പറഞ്ഞു.