തിരുവനന്തപുരം : യുവത്വത്തിലൂടെ തുടർഭരണം, വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ ഹൃദയപക്ഷത്തിലേറ്റാനുള്ള പുതു തന്ത്രം പയറ്റുകയാണ് സി പി എം . രണ്ടുതവണ തുടർച്ചയായി ജയിച്ചവരെ മാറ്റിനിർത്തണമെന്ന് അലിഖിത നിയമമുണ്ടെങ്കിലും മുൻ തിരഞ്ഞെടുപ്പുകളിലടക്കം പ്രാദേശിക സാഹചര്യങ്ങൾ പരിഗണിച്ച് നയങ്ങളിൽ വെള്ളം ചേർത്തിരുന്നു. എന്നാൽ ഇക്കുറി തലമുറമാറ്റം അനിവാര്യമാണെന്ന തിരിച്ചറിവിലാണ് സി പി എം. ഇതിനായി രണ്ട് കാരണങ്ങളാണ് നിരത്തുന്നത്. ബി ജെ പിയുടെ വോട്ട് ശതമാനത്തിലുള്ള വർദ്ധനവ് ഒരു വശത്ത്. യുവത്വത്തിലൂടെ വളരുന്ന ബി ജെ പിക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകണമെന്നതും, കൂടുതൽ യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കുക എന്നതിനും നേതൃനിരയിലേക്ക് യുവാക്കളുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കുക ആവശ്യമാണ്.
അടുത്ത കാരണം വാർദ്ധക്യം ബാധിച്ച കോൺഗ്രസിന്റെ ദൗർബല്യം മുതലാക്കുക എന്നതാണ്. യുവാക്കളെ മത്സരിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ് അടക്കം നിരന്തരം ആവശ്യം ഉന്നയിക്കുമ്പോഴും കോൺഗ്രസിലെ തലനരച്ച 'യുവാക്കളെല്ലാം' ഇപ്പോഴും ടിക്കറ്റ് കരസ്ഥമാക്കുവാനുള്ള ശ്രമത്തിലാണ്. യുവത്വത്തെ ഇറക്കി കോൺഗ്രസിനെ നേരിട്ട ഉപതിരഞ്ഞെടുപ്പുകളിൽ കൂടുതൽ തവണയും വിജയം ഇടതിനൊപ്പമായിരുന്നു. ഭരണ വിരുദ്ധ തരംഗത്തെ യുവത്വത്തിലൂടെ നേരിടാമെന്ന തിരിച്ചറിവ് പാർട്ടിക്ക് സമ്മാനിച്ചതും വട്ടിയൂർക്കാവ് അടക്കമുള്ള യു ഡി എഫ് ശക്തി കേന്ദ്രത്തിലെ മിന്നും ജയവും ഇത് തെളിയിച്ചതാണ്. സമൂഹമാദ്ധ്യമങ്ങൾ തിരഞ്ഞെടുപ്പ് ജയത്തിൽ നിർണായക പങ്ക് വഹിക്കുന്ന ഈ കാലത്ത് യുവത്വത്തിലൂടെ ശത്രുനിരയിൽ വിള്ളലുണ്ടാക്കുവാനുള്ള ശ്രമമാണ് സി പി എം നിയമസഭ തിരഞ്ഞെടുപ്പിൽ പയറ്റുക.
പുതുമുഖങ്ങൾക്ക് കൂടുതൽ പരിഗണന നൽകുമ്പോൾ രണ്ടുതവണയിൽ കൂടുതൽ തുടർച്ചയായി ജയിച്ചവരെ മാറ്റിനിർത്തേണ്ടി വരും. മന്ത്രിമാരുൾപ്പടെയുള്ളവർക്ക് ഇതിന്റെ അടിസ്ഥാനത്തിൽ മത്സര രംഗത്ത് നിന്നും ഒഴിയേണ്ടതായി വരും. മന്ത്രിമാരായ എ.കെ. ബാലൻ, ഇ.പി. ജയരാജൻ, ജി സുധാകരൻ, തോമസ് ഐസക്, എ.സി. മൊയ്തീൻ, സി. രവീന്ദ്രനാഥ്, കെ.ടി. ജലീൽ, കടകംപള്ളി സുരേന്ദ്രൻ, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ എന്നിവരെല്ലാം രണ്ടുതവണയിലേറെ മത്സരിക്കുന്നവരാണ്. എം എൽ എമാരായ സുരേഷ് കുറുപ്പ്, ടി.വി. രാജേഷ്, ജോർജ് എം. തോമസ്, സി. കൃഷ്ണൻ, അയിഷ പോറ്റി, എ. പ്രദീപ് കുമാർ, ജെയിംസ് മാത്യു തുടങ്ങിയവരും മത്സരരംഗത്ത് നിന്നും മാറിനിൽക്കാനാണ് സാദ്ധ്യത.
എന്നാൽ മണ്ഡലത്തിലെ പ്രാദേശിക പരിഗണന കണക്കാക്കി ഇവരിൽ ചിലരെ വീണ്ടും ഗോദയിലിറക്കാനും ആലോചനയുണ്ട്. നിയമസഭ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ എന്ന് വിശേഷിപ്പിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിലെ മിന്നും ജയം തുടർഭരണമെന്ന സ്വപ്ന നേട്ടത്തിലേക്കുള്ള സി പി എമ്മിന്റെ അകലം കുറച്ചു കൂടി കുറച്ചിട്ടുമുണ്ട്.