rajnikanth

ചെന്നൈ: രാഷ്‌ട്രീയപ്രവേശനത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് പ്രതിഷേധമുയർത്തുന്ന ആരാധകരോട് അഭ്യർത്ഥനയുമായി സൂപ്പർ‌ സ്‌റ്റാർ രജനികാന്ത് രംഗത്ത്. തന്റെ നിസാഹായവസ്ഥ വ്യക്തമാക്കിയ സ്ഥിതിയ‌്ക്ക് തുടർച്ചയായി നിർബന്ധിക്കുന്നതിൽ നിന്നും ആരാധകർ പിന്മാറണമെന്നാണ് രജനികാന്ത് അഭ്യർത്ഥിച്ചിരിക്കുന്നത്.

'ഞാൻ എന്റെ തീരുമാനം നിങ്ങളുമായി പങ്കുവച്ചുകഴിഞ്ഞു. ദയവായി എന്നെ വേദനിപ്പിക്കുന്നത് നിറുത്തൂ. ഇത്തരം പ്രതിഷേധങ്ങളിലൂടെ നിർബന്ധിക്കുന്നതും അവസാനിപ്പിക്കണം. ആശുപത്രിവാസം ദൈവത്തിൽ നിന്നുള്ള ഒരു മുന്നറിയിപ്പാണ്. കൊവിഡ് മഹാമാരിക്കിടിയിൽ നടത്തിയ ചില ക്യാമ്പയിനുകൾ ആരോഗ്യം മോശമാക്കുകയായിരുന്നു. '- ആരാധകരോടായി രജനി പറഞ്ഞു.

സൂപ്പർ സ്‌റ്റാറിന്റെ രാഷ്‌ട്രീയപ്രവേശന പ്രഖ്യാപനം ആരാധകരിൽ വലിയ രീതിയിലാണ് ആവേശം സൃഷ്‌ടിച്ചത്. എന്നാൽ പൊടുന്നനേയുള്ള അദ്ദേഹത്തിന്റെ പിന്മാറ്റം അതേ അളവിൽ അവരിൽ നിരാശ സൃഷ്‌ടിക്കുകയും ചെയ‌്തു. തുടർന്ന് താരത്തിന്റെ വീടിന് മുന്നിൽ ഒരു ആരാധകൻ ആത്മഹത്യാശ്രമം വരെ നടത്തിയിരുന്നു. ഇതേതുടർന്നാണ് അഭ്യർത്ഥനയുമായി രജനികാന്ത് തന്നെ രംഗത്തെത്തിയത്.