ramacham

കേരളത്തിന്റെ കാലാവസ്ഥയിൽ കൃഷി ചെയ്യാൻ അനുയോജ്യമായ വിളയാണ് രാമച്ചം. വിപണന സാദ്ധ്യത തിരിച്ചറിഞ്ഞ് രാമച്ചം കൃഷിയിലേക്ക് തിരിഞ്ഞവർ ഏറെയാണ്. നല്ല വെയിൽ ലഭ്യമാകുന്ന,അധികം വളക്കൂറില്ലാത്ത മണ്ണിൽ പോലും നന്നായി വളരുമെന്നതാണ് രാമച്ചത്തിന്റെ പ്രത്യേകത. തട്ടുതട്ടായിട്ടുള്ള ഭൂമിയിലും ചരിവുള്ള ഭൂമിയിലുമെല്ലാം രാമച്ചം കൃഷി ചെയ്‌താൽ മണ്ണൊലിപ്പ് തടയാനാകും. നാരുകൾ പോലെ പരന്ന് കിടക്കുന്ന വേരുകൾ മണ്ണൊലിപ്പ് നിയന്ത്രിക്കാൻ കഴിവുള്ളവയാണ്. ഇവയുടെ വേരിൽ നിന്നാണ് തൈലം വാറ്റിയെടുക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് ഏതാണ്ട് 600 മീറ്റർ ഉയരം വരെ ഇത് വളരും. ഫലപുഷ്‌ടിയും നീർവാർച്ചയുമുള്ള മണൽ കലർന്ന മണ്ണാണ് രാമച്ചം കൃഷിക്ക് അനുയോജ്യം.

ചിനപ്പുകൾ അടർത്തി നട്ടാണ് കൃഷി ചെയ്യുന്നത്. വരമ്പ് കോരി വേണം കൃഷി ചെയ്യാൻ. കാലിവളമോ കമ്പോസ്റ്റോ ചേർക്കാം. ഒരു കുഴിയിൽ രണ്ട് ചിനപ്പുകൾ നടാം. നനവ് വളരെ കുറവ് മതി. അതുപോലെ, കീടങ്ങളുടെ ആക്രമണവും കുറവാണ്. നട്ട് പതിനെട്ട് മാസം പിന്നിടുമ്പോൾ വിളവെടുപ്പ് നടത്താം. ഇലകൾ മഞ്ഞ നിറമായാൽ വിളവെടുക്കാൻ സമയമായി എന്ന് മനസിലാക്കാം. പറിച്ചെടുത്ത വേരുകൾ വെള്ളത്തിൽ കഴുകി വൃത്തിയാക്കിയ ശേഷം നാലോ അഞ്ചോ സെന്റി മീറ്റർ നീളത്തിൽ കഷ്‌ണങ്ങളായി മുറിക്കണം. ഇവയെ തന്നെ മൂന്നായി വേർതിരിക്കാം. നല്ല വേര് മാത്രമുള്ളവ, കുറച്ച് വേരുകളുള്ളത്, വേരിന്റെ തടി മാത്രമുള്ളവ. അതുകൊണ്ട് വേരുകൾ മുറിച്ചെടുക്കമ്പോൾ പൊട്ടിപ്പോകാതിരിക്കാൻ ശ്രദ്ധിക്കണം. വേരുകൾക്കാണ് വിപണിമൂല്യം.