കൊച്ചി: കെവിൻ കേസ് പ്രതിക്ക് ജയിലിൽ മർദ്ദനമേറ്റ സംഭവത്തിൽ ജയിൽ ഡി ജി പിയുടെ റിപ്പോർട്ട് തൃപ്‌തികരമല്ലെന്ന് ഹൈക്കോടതി. ആവശ്യമെങ്കിൽ ജയിൽ ഡി ജി പിയെ വിളിച്ചുവരുത്തുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയിട്ട് പ്രയോജനമില്ലെന്നും സസ്‌പെൻഡ് ചെയ്യണമെന്നും കോടതി വ്യക്തമാക്കി. വ്യക്തമായ നടപടികൾ റിപ്പോർട്ടിൽ ഇല്ലെന്നും കോടതി വിമർശിച്ചു.
പ്രതിക്ക് എങ്ങനെയാണ് മർദ്ദനമേറ്റത്, ആരാണ് മർദ്ദിച്ചത്, ശരീരത്തിൽ മുറിവുണ്ടായത് എങ്ങനെ എന്നീ കാര്യങ്ങളൊന്നും റിപ്പോർട്ടിൽ ഇല്ലെന്ന് കോടതി നിരീക്ഷിച്ചു. കൂടുതൽ നടപടികൾ എന്തൊക്കെയാണെന്ന് റിപ്പോർട്ടിൽ പറയുന്നില്ലെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
പ്രതികൾ ജയിലിൽ മർദ്ദിക്കപ്പെടുന്നില്ലെന്ന് സർക്കാർ ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു. മാതാപിതാക്കൾക്ക് പ്രതിയെ സന്ദർശിക്കാനുളള അനുവാദം കോടതി നൽകി. ഉച്ചയ്‌ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.