തിരുവനന്തപുരം : എൽ ഡി എഫിലെ കക്ഷിയായ എൻ സി പി പിളർപ്പിലേക്ക്. പാല സീറ്റുമായി ബന്ധപ്പെട്ട തർക്കമാണ് പാർട്ടിയുടെ പിളർപ്പിന് കാരണമാകുന്നത്. ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസിനെ എൽ ഡി എഫ് മുന്നണിയിൽ ഉൾപ്പെടുത്താൻ സി പി എം തീരുമാനിച്ചതു മുതൽക്കാണ് പാല സീറ്റിനെ സംബന്ധിച്ച തർക്കം എൻ സി പിയിൽ ഉയരുന്നത്. എന്നാൽ ഭിന്നതകൾ മറന്ന് ഒരുമിച്ച് പോകണമെന്ന സന്ദേശമാണ് മുഖ്യമന്ത്രി പാർട്ടിയിലെ ഇരു വിഭാഗത്തിനും നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇരു പക്ഷത്തുമുള്ള നേതാക്കളായ മാണി സി കാപ്പനും എ കെ ശശീന്ദ്രനും തമ്മിൽ ചർച്ച നടത്തിയെങ്കിലും തീരുമാനമാകാതെ അലസി പിരിഞ്ഞുവെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.
പാലായിലെ സിറ്റിംഗ് എം എൽ എയും എൻ സി പി നേതാവുമായി മാണി സി കാപ്പൻ താൻ ജയിച്ച സീറ്റ് ഒരു കാരണവശാലും കേരള കോൺഗ്രസിനായി ഒഴിഞ്ഞു കൊടുക്കില്ലെന്ന നിലപാട് എടുത്തിരുന്നു. എന്നാൽ എൻ സി പിക്കുള്ളിൽ എ കെ ശശീന്ദ്രൻ പക്ഷം പാലായുടെ പേരിൽ എൽ ഡി എഫുമായി കൊമ്പുകോർക്കാൻ തയ്യാറായിരുന്നില്ല, പാലായുടെ പേരിൽ മുന്നണി വിടുന്നത് അപക്വമാണെന്ന നയമാണ് അദ്ദേഹം സ്വീകരിച്ചത്. ഇതേ തുടർന്നാണ് എൻ സി പിക്കുള്ളിൽ പോരു കടുക്കുന്നത്. അടുത്ത് തന്നെ പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷനായ ശരദ് പവാർ കേരളത്തിലെത്തി ചർച്ച നടത്തുമെന്നും പാർട്ടി യു ഡി എഫിലേക്ക് ചേക്കേറുമെന്നുമെല്ലാം റിപ്പോർട്ടുകളുണ്ടായിരുന്നു.
കഴിഞ്ഞ ദിവസവും വിരുദ്ധ അഭിപ്രായങ്ങളുമായി എൻ സി പിയിലെ നേതാക്കൾ പത്രപ്രവർത്തകരെ കണ്ടിരുന്നു. മുന്നണി മാറ്റം ചർച്ച ചെയ്യാൻ നിലവിൽ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ വ്യക്തമാക്കിയത്. എൻ.സി.പി ഇടതുമുന്നണിയിൽ ഉറച്ച് നിൽക്കും. ടി.പി.പീതാംബരന്റെയും തന്റെയും നിലപാടിൽ വൈരുദ്ധ്യമില്ല. അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്രനേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പാലാ അടക്കം നാലു സിറ്റിംഗ് സീറ്റുകളുടെയും കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരൻ വാർത്താസമ്മേളനത്തിൽ അഭിപ്രായപ്പെട്ടത്.