farmbill-stay

ന്യൂഡൽഹി: കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക ബില്ലുകൾ തൽക്കാലം നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി. പല സംസ്ഥാനങ്ങൾക്കും ബില്ലിനോട് എതിർപ്പുണ്ടെന്നും അതിനാൽ തൽക്കാലം നിയമഭേദഗതി നടപ്പാക്കേണ്ടെന്നുമാണ് സുപ്രീംകോടതി ആവശ്യപ്പെടുന്നത്. കർഷകരുടെ രക്തം കൈയിൽ പുരളാൻ ആഗ്രഹിക്കുന്നില്ലെന്നും രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ തങ്ങൾക്ക് ഉത്തരവാദിത്വമുണ്ടെന്നും ചീഫ് ജസ്‌റ്റിസ് എസ്.എ ബോബ്‌ഡെ അടങ്ങിയ സുപ്രീംകോടതി ബഞ്ച് അറിയിച്ചു.

പല സംസ്ഥാനങ്ങൾക്കും എതിർപ്പുള‌ള ഈ നിയമഭേദഗതിയിൽ എന്ത് കൂടിയാലോചനയാണ് നടന്നതെന്നും കോടതി കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് ചോദ്യമുന്നയിച്ചു. വിദഗ്ദ്ധ സമിതി രൂപീകരിച്ച് നിയമഭേദഗതി ചർച്ച ചെയ്യണമെന്നും ഈ സമിതിയുടെ റിപ്പോർട്ട് വന്ന ശേഷമാകാം തീരുമാനമെന്നും കോടതി നിർദ്ദേശിച്ചു. എന്നാൽ നിയമഭേദഗതിയ്‌ക്ക് നടപടി തുടങ്ങിയത് മുൻ സർക്കാരാണെന്നായിരുന്നു കേന്ദ്ര സർക്കാർ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്നും കോടതിയിൽ നിയമങ്ങൾ ചോദ്യം ചെയ്യാനുമായിരുന്നു കേന്ദ്ര സർക്കാർ കഴിഞ്ഞ ചർച്ചയിൽ കർഷകരോട് ആവശ്യപ്പെട്ടത്.

'എന്തെല്ലാം ചർച്ചകളാണ് നടക്കുന്നതെന്ന് ഞങ്ങൾക്കറിയില്ല. ഈ നിയമങ്ങൾ കുറച്ചുകാലം നടപ്പാകാതെയിരുന്നുകൂടേ?​ ഇവിടെ എന്തെല്ലാമാണ് നടക്കുന്നത്. സംസ്ഥാനങ്ങൾ നിങ്ങൾ നടപ്പാക്കിയ നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നു.' ചീഫ് ജസ്‌റ്റിസ് കേന്ദ്ര സർക്കാരിനോട് ആരാഞ്ഞു. 2020 നവംബർ 26 മുതൽ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ കർഷകർ രാജ്യ തലസ്ഥാനത്ത് കാർഷിക ബില്ലിനെതിരെ സമരത്തിലാണ്. മുഖ്യമായും പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നുമുള‌ള കർഷകരാണ് സമരം ചെയ്യുന്നത്. എട്ട് ഘട്ടങ്ങളിലായി കർഷക നേതാക്കളും കേന്ദ്ര സർക്കാരും തമ്മിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടിരുന്നു. ജനുവരി 15നാണ് അടുത്ത ഘട്ട ചർച്ച. ഈ ചർച്ചയിൽ പങ്കെടുക്കണോ എന്ന് തീരുമാനിക്കാൻ ഇന്ന് കർ‌ഷകരുടെ യോഗം ചേരാനിരിക്കുകയായിരുന്നു.

കർഷക നിയമങ്ങൾക്ക് അനുകൂലമായി ഞായറാഴ്‌ച ഹരിയാന മുഖ്യമന്ത്രി മനോഹർ ഖട്ടർ‌ സംഘടിപ്പിച്ച പരിപാടി കർഷകർ തടസപ്പെടുത്തുകയും വലിയ പൊലീസ് ലാത്തിചാർജിന് ഇടയാകുകയും ചെയ്‌തിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെ റാലി അനുവദിക്കില്ലെന്നും തടയുമെന്നും കർഷകർ അറിയിച്ചു. തുടർന്ന് അദ്ദേഹത്തിന് റാലി റദ്ദാക്കേണ്ടി വന്നു. കേന്ദ്രം നിയമം പിൻവലിച്ചില്ലെങ്കിൽ റിപബ്ളിക് ദിനത്തിൽ പരേഡിലേക്ക് ട്രാക്‌ടർ റാലി സംഘടിപ്പിക്കുമെന്നും കർഷകർ അറിയിച്ചിരുന്നു. ഇതിനിടെയാണ് നിയമം സ്‌റ്റേ ചെയ്‌ത് ഇന്ന് സുപ്രീംകോടതി ഉത്തരവായിരിക്കുന്നത്.