beckingham

നമ്മുടെ നാട്ടിൽ വൈറ്റ് കോളർ ജോലി അന്വേഷിച്ച് അലഞ്ഞ് നടക്കുന്ന ചെറുപ്പക്കാർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണിത്. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ തൊഴിലാളിയുടെ സ്റ്റാറ്റസിനെക്കുറിച്ചാണ് പറയുന്നത്. കൊട്ടാരത്തിലെ ശുചീകരണ തൊഴിലാളിക്ക് മാസം 19 ലക്ഷം രൂപ ശമ്പളം ലഭിക്കും. പക്ഷേ, നിയമനത്തിനായി ഇവിടെ നടത്തുന്ന പരീക്ഷ ഒരൽപ്പം കഠിനമാണ്. കേട്ടാൽ വളരെ എളുപ്പം എന്ന് തോന്നുമെങ്കിലും ഈ പരീക്ഷണം ജയിക്കുക അത്ര നിസ്സാരമല്ല. മാത്രവുമല്ല പ്രതീക്ഷിക്കുന്ന ഫലം കിട്ടിയില്ലെങ്കിൽ അപ്പോൾ തന്നെ 'ഔട്ട്' ആവുന്ന വിചിത്രമായൊരു പരീക്ഷയിലൂടെ കടന്നു പോയാൽ മാത്രമെ ഈ ജോലി നേടാൻ കഴിയൂ. പരീക്ഷ എന്ന് കേൾക്കുമ്പോൾ നമ്മുടെ നാട്ടിലെ പരീക്ഷ പോലെ കാണാപ്പാഠം പഠിച്ചെഴുതുന്ന പരീക്ഷ അല്ല കേട്ടോ. ഒരു അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണത്. മികച്ചതിൽ മികച്ച തൊഴിലാളികൾക്ക് മാത്രമേ ജോലി നേടാനാകൂ.

ഇവിടത്തെ പരീക്ഷയെ കുറിച്ച് റിക്രൂട്ട്മെന്റ് വിഭാഗം മേധാവി പറയുന്നത് ഇങ്ങനെ: ഒരു ഹാളിലേയ്ക്ക് ഉദ്യോഗാർത്ഥിയെ കൂട്ടിക്കൊണ്ടു വരും. അവിടെയാണ് 'ഫ്ലൈ ടെസ്റ്റ്' പാസാവേണ്ടത്. ഇവിടെ ഒരു ചത്ത ഈച്ചയോ മറ്റേതെങ്കിലും ചെറു പ്രാണിയോ ഉണ്ടാവും. സംശയിക്കണ്ട,​ സംഗതി സത്യമാണ്. ഇവിടുത്തെ അടുപ്പിന്റെ അരികിലോ കാർപ്പെറ്റിലോ ആവും ആ ചത്ത പ്രാണി. ഉദ്യോഗാർത്ഥിയെ പതിയെ ഹാളിൽ നടന്നു കാണിക്കും. ചത്ത പ്രാണി ഇരിക്കുന്ന ഇടത്തും കൊണ്ടുപോകും, എന്തിനെന്നു പറയാതെ. കാര്യം പറയില്ലെങ്കിലും അടുപ്പിലേക്ക് ശ്രദ്ധ തിരിക്കും. അതിനിടയിൽ ഉദ്യോഗാർത്ഥി പ്രാണിയെ കണ്ടെത്തിയിരിക്കണം. ഇവിടെ വരുന്ന പത്തിൽ അഞ്ച് പേരും പ്രാണിയെ കണ്ടെത്തുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. പക്ഷെ,​ കണ്ടത് കൊണ്ട് മാത്രമായില്ല. ആ പത്തിൽ ഒരാൾ മാത്രമേ കുനിഞ്ഞ് നിവർന്നു ആ പ്രാണിയെ എടുക്കൂ. ആ ആളാവും സ്‌പെഷ്യൽ ഹൗസ്കീപ്പർ എന്ന ജോലിയിൽ നിയമിതനാകൂ. പഞ്ച നക്ഷത്ര ഹോട്ടലിലെ തൊഴിലാളിയെക്കാളും മികച്ചതായിരിക്കണം കൊട്ടാരത്തിലെ തൊഴിലാളി എന്നത് നിർബന്ധമാണ്.