ശ്രീനഗർ: ഭീകരാക്രമണങ്ങളും സൈനികർക്ക് നേരെയുള്ള അതിക്രമങ്ങളും ജമ്മു കാശ്മീരിൽ ഗണ്യമായി കുറഞ്ഞതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട്. 2019നെ അപേക്ഷിച്ച് 2020 നവംബർ 15വരെയുള്ള ഭീകരാക്രമണങ്ങളുടെ കണക്കെടുത്താൽ, 63.93 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വീരചരമം പ്രാപിക്കുന്ന ഇന്ത്യൻ സൈനികരുടെ എണ്ണത്തിൽ 29.11 ശതമാനവും, വിവിധ അക്രമങ്ങളിൽ കൊല്ലപ്പെടുന്ന സാധാരണക്കാരുടെ എണ്ണത്തിൽ 14.28 ശതമാനവുമാണ് കുറവ് വന്നിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.
ജമ്മു കാശ്മീരിലും ലഡാക്കിലും കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമഭേദഗതിയാണ് മാറ്റത്തിന് പ്രധാന കാരണമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഭേദഗതിയുമായി ബന്ധപ്പെട്ട് കാശ്മീരിൽ 48 കേന്ദ്രനിയമങ്ങളും 167 സംസ്ഥാന നിയമങ്ങളും പുറപ്പെടുവിച്ചു. ലഡാക്കിൽ ഇത് യഥാക്രമം 44, 148 എന്നീരീതിയിലും നടപ്പിലാക്കി. 2020 മാർച്ച് 31ന് 'ദി ജമ്മു ആന്റ് കാശ്മീർ റിഓർഗനൈസേഷൻ ആക്ട്' നിലവിൽ വന്നു. ഇതിനെ തുടർന്ന് ഹൈക്കോടതിയിലെ ജഡ്ജിമാരുടെ നിയമനത്തിന് നിലവിലുണ്ടായിരുന്ന കാലതാമസം ഒഴിവായി. ആഗസ്റ്റ് മാസത്തിൽ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ബെഞ്ച് സ്ഥാപിക്കാൻ കഴിഞ്ഞതും നേട്ടമായി.
ഇതുകൂടാതെ, പാകിസ്ഥാൻ അധിനിവേശ കാശ്മീരിൽ നിന്ന് പലായനം ചെയ്തെത്തിയ ഇന്ത്യക്കാരായ അഭയാർത്ഥികൾക്ക് പ്രധാനമന്ത്രിയുടെ വികസനപാക്കേജിൽ നിന്ന് ഓരോകുടുംബത്തിനും അഞ്ചര ലക്ഷം വീതം നൽകി. 36,384 കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. പടിഞ്ഞാറൻ പാകിസ്ഥാനിൽ നിന്നുള്ള അഭയാർത്ഥികൾക്കും അഞ്ചരലക്ഷം വീതം ഇത്തരത്തിൽ ഒറ്റത്തവണ ധനസഹായമായി നൽകാൻ കഴിഞ്ഞു. 5764 കുടുംബങ്ങൾക്കാണ് പ്രയോജനം ലഭിച്ചത്.
2019 ആഗസ്റ്റ് 5ന് ആണ് ജമ്മുകാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 കേന്ദ്രസർക്കാർ റദ്ദാക്കിയത്.