അന്ന് രാവിലെ ഉറക്കമുണർന്നെഴുന്നേറ്റപ്പോൾ വീട്ടിൽ എല്ലാവർക്കും വലിയ ഉത്സാഹമായിരുന്നു. അമ്മ രാവിലെ എന്നെ കുളിപ്പിച്ചു. ലളിതചേച്ചി (അപ്പച്ചിയുടെ മകൾ) എന്റെ മുടിചീകി രണ്ടുവശത്തും പിന്നിയിട്ട് കുട്ടിക്യൂറ പൗഡർ എന്റെ മുഖത്ത് തേച്ചു പിടിപ്പിച്ചു. പിന്നെ കുടങ്ങലില ചാർ ചേർത്തുണ്ടാക്കുന്ന കൺമഷി കൊണ്ട് കണ്ണെഴുതി പിന്നീട് അരിചാന്തു കൊണ്ട് നെറ്റിയിൽ പൊട്ടുകുത്തി. കനകാംബരപ്പൂവ് കൊണ്ട് ഉണ്ടാക്കിയ മാല കൊണ്ട് മുടിയിൽ ചൂടി. വെള്ളയിൽ ഇളം പച്ച പൂക്കളുള്ള പാവാടയും ബ്ലൗസും അണിയിച്ച് ഒരു ബാഗിൽ സ്ളേറ്റും പഴയതുവാങ്ങിയ ഒന്നാം പാഠവും സ്ളേറ്റ് പെൻസിലും ഇട്ടുതന്നു. അപ്പോൾ ഞാൻ അച്ഛമ്മയെ കെട്ടിപിടിച്ചുകൊണ്ടു പറഞ്ഞു.
''അച്ഛമ്മേ ഞാൻ പള്ളിക്കൂടത്തിൽ പഠിക്കാൻ പോകുന്നു."
അച്ഛമ്മ എന്നെ കെട്ടിപ്പിടിച്ച് നെറ്റിയിൽ ഉമ്മ വച്ചു. ഞാൻ അച്ഛന്റെ കൈ പിടിച്ച് മുറ്റത്തുകൂടി പടിപ്പുര വാതിൽക്കലെത്തി. ഓരോ പടിയും ഞാൻ എണ്ണിയെണ്ണി ഇറങ്ങി. നൂറുവരെ എണ്ണാൻ അമ്മ വിളിച്ചുപറഞ്ഞു. 'ശാർക്കര അമ്മച്ചിയെ കണ്ടിട്ട് പള്ളിക്കൂടത്തിൽ പോകണം."അങ്ങനെ ഇരപ്പുപാലത്തിൽ കൂടി നടന്ന് ക്ഷേത്രത്തിൽ പോയി തൊഴുതിട്ട് പള്ളിക്കൂടത്തിലേക്ക് നടന്നു. പോകുന്ന വഴി ഞാൻ ആശങ്കയിലാണ്. പള്ളിക്കൂടത്തിന് തിണ്ണ ഉണ്ടായിരിക്കുമോ? വീട്ടിൽ കയറ് പിരിക്കാൻ വന്ന സ്ത്രീകൾ പരസ്പരം ശകാരിക്കുമ്പോൾ ഉപയോഗിക്കുന്ന വാക്കുകളാണ്. 'പള്ളിക്കൂടത്തിന്റെ തിണ്ണ പോലും കണ്ടിട്ടില്ലാത്തവൾ റെയിൽപ്പാതയുടെ അരികിലൂടെ നടന്ന് ശ്രീചിത്തിരവിലാസം ഹൈസ്കൂളിന്റെ മുന്നിലെത്തി. ആദ്യം ഹെഡ്മാസ്റ്ററിന്റെ മുറിയിലെത്തി. പിന്നീട് ക്ലാസ് മുറി തിരഞ്ഞ് നടന്നു. ഞാൻ എല്ലാമുറിയുടെയും വെളിയിൽ നോക്കി. ഒന്നിലും തിണ്ണ കാണുന്നില്ല. അവസാനം 1 A എന്നെഴുതിയ മുറിയുടെ മുൻപിൽ എത്തി. അരച്ചുവരു കെട്ടിയ മുറികളാണ് എല്ലാം. പക്ഷേ തിണ്ണയില്ല. ഒരു മേശയും സ്റ്റൂളും. അതിന്റെ മുൻപിലായി ബഞ്ചുകൾ നിരത്തി ഇട്ടിരിക്കുന്നു. ക്ലാസ് അദ്ധ്യാപകൻ പറഞ്ഞു.
'കയറി ഇരിക്കൂ". ഞാൻ ആലോചിച്ചു തിണ്ണയിൽ എവിടെ ഇരിക്കും ഞാൻ ആദ്യം ചവിട്ടുപടിയിൽ ഇരുന്നു. അപ്പോൾ അദ്ദേഹം വീണ്ടും പറഞ്ഞു. ബഞ്ചിൽ ഇരിക്കൂ. ഞാൻ ബഞ്ചിൽ ഇരുന്നു. അപ്പോഴേക്കും അച്ഛൻ പോയി. അദ്ധ്യാപകൻ അടുത്തുവന്ന് ''കുട്ടിയുടെ പേര് പറയൂ" ഞാൻ പറഞ്ഞു. 'സുധർമ്മണി" അച്ഛനെന്താണ് ജോലി? അദ്ദേഹം വീണ്ടും ചോദിച്ചു. വീട്ടിൽ തൊണ്ട് തല്ലലും കയർ പിരിപ്പും ഉണ്ടല്ലോ അതുകൊണ്ട് ഞാൻ പറഞ്ഞു. 'തൊണ്ടെണ്ണക്കം" അദ്ദേഹത്തിന് അത് മനസിലായോ എന്ന് സംശയമായിരുന്നു. അദ്ദേഹത്തിന്റെ പേര് 'നീലകണ്ഠപിള്ള."
ബോർഡിൽ മലയാളത്തിൽ 'അമ്മ" എന്നെഴുതിയിരിക്കുന്നത് കണ്ടു. വീട്ടിൽവച്ച് 'അമ്മ" എന്ന് എഴുതാൻ അമ്മ പഠിപ്പിച്ചു തന്നിരുന്നത് കൊണ്ട് അതിന് പ്രയാസം തോന്നിയില്ല. ഞാൻ സ്ലേറ്റിൽ എഴുതി കാണിച്ചു. അപ്പോൾ അദ്ദേഹം മുഹമ്മദ് അലിയുടെ സ്ളേറ്റ് ഉയർത്തി കാണിച്ചുതന്നു. അവൻ വളരെ വൃത്തിയായും വലുതായും അക്ഷരങ്ങൾ എഴുതിയിരിക്കുന്നു. ഇതുപോലെ എല്ലാവരും എഴുതണം. ഏകദേശം 20 വർഷങ്ങൾക്ക് ശേഷം ഞാൻ അറിഞ്ഞു. ആ കുട്ടി ഒരു ഡോക്ടർ ആയെന്ന്.
കുറച്ചുകഴിഞ്ഞപ്പോൾ നീലണ്ഠപിള്ള സാർ പോയി. പിന്നെ കാതിൽ ചുവന്ന കല്ലുവച്ച കടുക്കനിട്ട വെള്ള ജുബ്ബയും മുണ്ടും ധരിച്ച എപ്പോഴും ചിരിക്കുന്ന മുഖമുള്ള കൃഷ്ണപിള്ള സാർ വന്നു. ഞങ്ങളുടെ ക്ലാസ് മുറിയുടെ പുറകുവശം ശാർക്കര അമ്പലത്തിന്റെ പറമ്പ് ആയിരുന്നു. അന്ന് അവിടെ പാപ്പാന്മാർ ആനയ്ക്ക് ചോറ് ഉരുട്ടി കൊടുക്കുന്നുണ്ടായിരുന്നു. കൃഷ്ണപിള്ള സർ ഓരോ കുട്ടിയേയും എടുത്തുയർത്തി ആനയ്ക്ക് ചോറ് ഉരുട്ടിക്കൊടുക്കുന്നത് കാണിച്ചുതന്നു. ഇന്നിപ്പം ആനയെ കാണുമ്പോൾ സ്നേഹനിധിയായ ആ അദ്ധ്യാപകനെയും ആനയൂട്ടൽ രംഗവും ഓർമ്മിക്കും.
രാത്രിയിൽ ഞാൻ അച്ഛമ്മയുടെ അടുത്താണ് ഉറങ്ങുന്നത്. അനിയന്മാർ രണ്ടുപേരും അമ്മയുടെ ഇടതുവശവും വലതുവശവും സ്ഥലം പിടിക്കും. അച്ഛമ്മയുടെ മടിയിൽ എന്റെ ഒരു കാൽ കയറ്റിവച്ച് ഒരു കൈ കൊണ്ട് അച്ഛമ്മയെ കെട്ടിപ്പിടിച്ച് കിടക്കും. അച്ഛമ്മ 'കുറവനും കുറത്തിയും" പാട്ട് പാടും. ഞാൻ അന്ന് സ്കൂളിൽ കേട്ട ദേശീയഗാനം ഉറക്കെ ചൊല്ലി, എന്റെ മനസിൽ പതിഞ്ഞ വിധത്തിൽ,
''ജനഗണമന അധി നായക രാധേ
ഭാരതി ഭാർഗവി രാധേ"
വീട്ടിൽ കൂട്ടച്ചിരി മുഴങ്ങി. എനിക്ക് കാര്യം മനസിലായില്ല. എനിക്ക് സങ്കടം വന്നു. എന്റെ നല്ലവളായ അച്ഛമ്മ (നാണി), അപ്പച്ചി (ഭവാനി), അമ്മ (ഇന്ദുലേഖ) ഈ പേരുകളൊക്കെ ആ പാട്ട് രചിച്ചവർക്ക് അറിഞ്ഞുകൂടായിരുന്നല്ലോ പകരം എപ്പോഴും ശണ്ഠ കൂടുന്ന അയൽപക്കത്തെ ഭാരതി അമ്മയെയും ഭാർഗ്ഗവി അമ്മയെയും രാധ ചേച്ചിയെയും ആ പാട്ടിൽ ഉൾപ്പെടുത്തിയത് എന്തിനായിരുന്നു എന്റെ കണ്ണീർ വീണ് പായ് നനഞ്ഞു.