covid

തിരുവനന്തപുരം: കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംതൃപ്‌തി പ്രകടിപ്പിച്ച് കേന്ദ്രസംഘം. കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾ മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് ചൂണ്ടിക്കാട്ടി സംഘം കേന്ദ്രസർക്കാരിന് ഉടൻ റിപ്പോർട്ട് കൈമാറും. കേരളത്തിലെ കൊവിഡ്, പക്ഷിപ്പനി സാഹചര്യങ്ങൾ പഠിക്കാനാണ് രണ്ടംഗ കേന്ദ്ര സംഘം കേരളത്തിലെത്തിയത്.

ആലപ്പുഴ, കോട്ടയം ജില്ലകളിൽ പഠനം നടത്തിയശേഷമാണ് സംഘം ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയത്. ദേശീയ രോഗ നിയന്ത്രണ വിഭാഗത്തിന്റെ ഒരു കേന്ദ്രം കേരളത്തിൽ അനുവദിക്കണമെന്ന ആവശ്യം സംഘം കേന്ദ്രത്തെ അറിയിക്കും. തിരഞ്ഞെടുപ്പ്, ക്രിസ്‌മസ്-പുതുവർഷ ആഘോങ്ങൾ എന്നിവയാണ് ഇപ്പോഴത്തെ രോഗവ്യാപനത്തിന് കാരണമെന്നും സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചു.

രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ പ്രതിദിന കൊവിഡ് രോഗികളുളള കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ദേശീയ ശരാശരിയേക്കാൾ അഞ്ചിരട്ടിയാണ് . ഇത് സർക്കാരിന്റെ പരാജയമാണെന്ന രാഷ്ട്രീയ ആരോപണം ശക്തമാകുന്നതിനിടെയാണ് സംസ്ഥാനത്തെ നടപടികളെ പ്രകീർത്തിച്ച് കേന്ദ്രസംഘം റിപ്പോർട്ട് നൽകുന്നത്.