തിരുവനന്തപുരം: വാളയാർ കേസ് സിബിഐ അന്വേഷിക്കണമെന്ന പെൺകുട്ടികളുടെ കുടുംബത്തിന്റെ ആവശ്യം അംഗീകരിച്ച് സംസ്ഥാന സർക്കാർ. കേസ് സിബിഐയ്‌ക്ക് വിട്ടതായി മുഖ്യമന്ത്രി അറിയിച്ചു.
പ്രതികളെ വിട്ടയച്ച വിചാരണ കോടതി വിധി ജനുവരി 6ന് ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസിൽ പുനർ വിചാരണ വേണമെന്നും പുനരന്വേഷണത്തിന് വേണമെങ്കിൽ പ്രോസിക്യൂഷന് വിചാരണകോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വിചാരണ പ്രഹസനമാണ് നടന്നതെന്ന് വിമർശിച്ച ഹൈക്കോടതി പ്രതികളായ വലിയ മധു, കുട്ടി മധു, ഷിബു എന്നിവർ ജനുവരി 20ന് വിചാരണ കോടതിയിൽ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
2017 ജനുവരി 13നാണ് പതിമൂന്ന് വയസുകാരിയും മാർച്ച് നാലിന് പതിമൂന്ന് വയസുകാരിയുടെ മരണത്തിന് ഏക സാക്ഷിയായ അനുജത്തിയായ ഒൻപത് വയസുകാരിയും വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ച കുട്ടികൾ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായയതായി പോസ്‌റ്റ്മോർട്ടം നടത്തിയ ഡോക്‌ടറും അന്ന് കേസ് അന്വേഷിച്ച തൃശൂർ റേഞ്ച് ഐ.ജി എം.ആർ അജിത്‌കുമാറും അറിയിച്ചു.
തുടർന്ന് അന്വേഷണം നടന്ന ശേഷം ഇവരുടെ മരണം ആത്മഹത്യയെന്ന് കാണിച്ച് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. പ്രതി ചേർക്കപ്പെട്ട വലിയ മധു, കുട്ടി മധു, ഷിബു, പ്രദീപ്കുമാർ എന്നിവരെ 2019 ഒക്‌ടോബർ 25ന് വിചാരണകോടതിയായ പാലക്കാട് പോക്‌സോ കോടതി വിട്ടയച്ചു. പ്രതികളിൽ വലിയ മധു രണ്ട് കുട്ടികളെയും പീഡിപ്പിച്ച കേസിൽ പ്രതിയാണ്. കുട്ടി മധു,ഷിബു എന്നിവർ മൂത്ത കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയാണ്. അപ്പീൽ പരിഗണനയ്‌ക്കിടെ കേസിൽ പ്രതിയായ പ്രദീപ് ആത്മഹത്യ ചെയ്‌തിരുന്നു.