india-aus

സിഡ്നി: ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടെസ്‌റ്റ് സമനിലയിൽ അവസാനിച്ചു. 407 റൺസിന്റെ വമ്പൻ വിജയലക്ഷ്യം നൽകി ഇന്ത്യയെ എറിഞ്ഞൊതുക്കാൻ തുനിഞ്ഞ ഓസ്‌ട്രേലിയൻ ബൗളർമാർക്ക് ചേതേശ്വർ പൂജാര-ഋഷഭ് പന്ത് സഖ്യം വലിയ പ്രതിരോധമാണ് തീർത്തത്. സെഞ്ച്വറിയ്‌ക്ക് മൂന്ന് റൺസ് അകലെ ഋഷഭ് പന്ത് പുറത്താകുമ്പോൾ ഇരുവരും ചേർന്ന് 148 റൺസ് സഖ്യം പൂർത്തിയാക്കിയിരുന്നു.

അഞ്ചാംദിനം കളി ആരംഭിച്ച് അധികം വൈകാതെ നായകൻ അജിങ്ക്യ രഹാനെ(4)യെ ഇന്ത്യയ്‌ക്ക് നഷ്‌ടമായി. തുടർന്നാണ് ഋഷഭ് പന്ത് ക്രീസിലെത്തിയത്. അതിവേഗം സ്‌കോർ കണ്ടെത്തുന്ന സ്വതസിദ്ധമായ ശൈലിയിൽ കളിച്ച പന്തും ഓസ്‌ട്രേലിയൻ ബൗളർമാരുടെ ക്ഷമ പരീക്ഷിക്കുന്ന തരത്തിൽ തന്റെ ശൈലിയിൽ കളിച്ച പൂജാരയും ചേർന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച് വരികയായിരുന്നു. എന്നാൽ നഥാൻ ലയനിന്റെ പന്തിൽ 97 റൺസെടുത്ത പന്ത് പുറത്തായി. വൈകാതെ 205 പന്തുകളിൽ 73 റൺസ് നേടി പൂജാരയും പുറത്തായി. ഇതോടെ വിജയത്തിലേക്ക് നീങ്ങിയ ഇന്ത്യ പരാജയം മണത്തു. തുടർന്ന് ബാ‌റ്റ് ചെയ്‌ത ഹനുമ വിഹാരിയും അശ്വിനും വിക്ക‌റ്റ് നഷ്‌ടപ്പെടാതെ മെല്ലെ ഇന്ത്യയെ സമനിലയിലെത്തിച്ചു. 131 ഓവർ ബാ‌റ്റ് ചെയ്‌ത ഇന്ത്യ 5 വിക്ക‌റ്റ് നഷ്‌ടത്തിൽ 334 റൺസ് നേടി.

ഇന്ത്യയുടെ ക്രിക്ക‌റ്റ് ചരിത്രത്തിൽ ഏ‌റ്റവും മെല്ലെ നീങ്ങിയ ഇന്നിങ്‌സുകളിലൊന്നായിരുന്നു വിഹാരിയുടേത്. 161 പന്തുകൾ നേരിട്ട വിഹാരി 23 റൺസ് നേടി. 128 പന്തുകൾ നേരിട്ട അശ്വിൻ 39 റൺസും നേടി. വിഹാരി നാല് ബൗണ്ടറികളും അശ്വിൻ ഏഴ് ബൗണ്ടറികളും നേടി. ഇതോടെ നാല് ടെസ്‌റ്റുകളുള‌ള പരമ്പര ഇപ്പോഴും 1-1 ആയി തുടരുകയാണ്. ആദ്യ ടെസ്‌റ്റിൽ ഓസ്‌ട്രേലിയ വിജയിച്ചപ്പോൾ രണ്ടാം ടെസ്‌റ്റിൽ ഇന്ത്യ വിജയം നേടി.