sakthi

തിരുവനന്തപുരം നഗരത്തെ സ്ത്രീ സുരക്ഷാനഗരമാക്കാൻ 'ശക്തി'ക്കൊപ്പം പൂർണ പിന്തുണയുമായി മേയർ.
സ്ത്രീ സുരക്ഷാ പദ്ധതിയുടെ ഭാഗമായി നേമം അഗസ്‌ത്യം ധന്വന്തരി കളരി, യംഗ് ഇൻഡ്യൻസ് തിരുവനന്തപുരം ചാപ്‌ടറും സംയുക്തമായി സംഘടിപ്പിച്ച 'ശക്തി പേടികൂടാതെ പെണ്മ' എന്ന സ്വയരക്ഷാ പരിശീലന ശില്പശാല ,വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കവേയാണ് മേയർ ആര്യ രാജേന്ദ്രൻ സ്ത്രീശാക്തീകരണത്തിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചത്.


സ്ത്രീശാക്തീകരണത്തിലേക്കുള്ള പുതിയ ചുവടുവെപ്പ് ആണിതെന്നും മേയർ പ്രശംസിച്ചു. ഭയമില്ലാതെ ജീവിക്കുന്നതിനും യാത്ര ചെയ്യുന്നതിനും ഏതൊരു സ്ത്രീയെയും പ്രാപ്‌തയാക്കി പേരുപോലെ ശക്തയാക്കാൻ 'ശക്തി' പ്രോഗ്രാമിന് കഴിയട്ടെ എന്നും മേയർ ആശംസിച്ചു. ദിനംപ്രതി കേൾക്കുന്ന സ്ത്രീപീഡന വാർത്തകൾക്ക് നേരെ മാറ്റത്തിന്റെ കൊടുങ്കാറ്റായി പ്രതിരോധത്തിന്റെ മാറ്റൊലിയായി ' ശക്തി പേടികൂടാതെ പെണ്മ ' (Shakthi - The Fearless Feminine) എന്ന പേരിൽ ജനുവരി 10 ഞായറാഴ്ച്ച രാവിലെ 8.00 മണി മുതൽ 12.00 മണി വരെയാണ് സ്ത്രീകൾക്ക് വേണ്ടി തിരുവനന്തപുരം കനകക്കുന്ന് വിശ്വസംസ്‌കാര ഭവനിൽ ശില്പശാല നടന്നത്.

sakthi

ശ്രീമദ് ശങ്കരാനന്ദ സ്വാമികൾ ഭദ്രദീപം കൊളുത്തി

അഗസ്‌ത്യം കളരി ഗുരുക്കൾ ഡോ. എസ് മഹേഷിന്റെ നേതൃത്വത്തിൽ മുപ്പതോളം പേരാണ് കളരിപ്പയറ്റിനെ അടിസ്ഥാനമാക്കിയുള്ള സ്വയരക്ഷാ മാർഗങ്ങളുൾക്കൊള്ളിച്ച ഈ ശില്പശാലയിൽ പങ്കെടുത്തത്. യംഗ് ഇൻഡ്യൻസ് തിരുവനന്തപുരം ചാപ്‌ടറിന് പ്രതിനിധീകരിച്ച് ശ്രീ ജിജിമോൻ ചന്ദ്രൻ, ശ്രീ നന്ദകുമാർ എന്നിവരും ട്രിനിറ്റി കോളേജ് ഒഫ് എഞ്ചിനീയറിംഗ് സ്ട്രാറ്റജിക് ഡയറക്‌ടറും പ്രിൻസിപ്പലുമായ ഡോ. അരുൺ സുരേന്ദ്രൻ, വാർഡ് കൗൺസിലർ ഡോ. റീന തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു. ഏത് പ്രതികൂല സാഹചര്യങ്ങളെയും മനക്കരുത്തിന്റെ ബലത്തിൽ ആത്മവിശ്വാസത്തോടെ നേരിടാൻ ഏതൊരു സ്ത്രീയെയും പ്രാപ്തയാക്കുക എന്നതാണ് അഗസ്ത്യം 'ശക്തി' പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നത്.

sakthi

സ്‌കൂളുകൾ, കോളേജുകൾ, തൊഴിലിടങ്ങൾ, എന്നിവിടങ്ങളിൽ നേരിടേണ്ടി വരുന്ന വെല്ലുവിളികൾ, അപ്രതീക്ഷിതമായി വരുന്ന ആക്രമണം തുടങ്ങിയവയിൽ നിന്ന് സ്വയം എങ്ങനെ പ്രതിരോധിക്കാം എന്നതാണ് ഈ പ്രോഗ്രാമിലൂടെ പരിശീലിക്കുന്നത്.ഗാർഹിക ആക്രമണങ്ങളിൽ നിന്നും രക്ഷ നേടാൻ സത്രീകളെ മാനസികമായും ശാരീരികമായും സജ്ജരാക്കുന്ന നിരവധി പ്രതിരോധ മുറകൾ ഉൾപ്പെടുത്തിയതാണ് ഈ പരിശീലന പരിപാടി. ആയോധന കലകളിൽ മുൻ പരിചയം ആവശ്യമില്ല എന്നുള്ളതും നിശ്ചിത പ്രായപരിധിയില്ല എന്നതും അഗസ്ത്യം 'ശക്തി' പ്രോഗ്രാമിന്റെ ഏറ്റവും വലിയ സവിശേഷതകളാണ്.