bjp

പാലക്കാട്: പാലക്കാട് ന​ഗരസഭയിലെ ​ഗാന്ധി പ്രതിമയിൽ ബി ജെ പി പാർട്ടികൊടി കെട്ടിയെന്ന് ആരോപണം. ന​ഗരസഭയിൽ സ്ഥിരം കൗൺസിൽ അം​ഗങ്ങളുടെ തിരഞ്ഞെടുപ്പ് നടക്കുകയായിരുന്നു. ഇതിനിടെയാണ് ന​ഗരസഭ വളപ്പിനുളളിലെ ​ഗാന്ധിപ്രതിമയിൽ ബി ജെ പി കൊടി പുതപ്പിച്ചിരിക്കുന്നെന്ന വിവരം പുറത്തു വന്നത്. തുടർന്ന് പൊലീസെത്തി കൊടി അഴിച്ച് മാറ്റുകയായിരുന്നു.

സംഭവത്തിൽ ബി ജെ പിക്കെതിരെ പ്രതിഷേധവുമായി യൂത്ത് കോൺ​ഗ്രസ്,ഡി വൈ എഫ് ഐ പ്രവർത്തകരെത്തി. കോൺ​ഗ്രസ് കൗൺസിലർമാർ‌ സ്ഥലത്തെത്തി പ്രതിഷേധസൂചകമായി മുദ്രാവാക്യം വിളിച്ചു. ബി ജെ പി പ്രവർത്തകർ ആർ എസ് എസ് അജണ്ട നടപ്പാക്കുന്നതിന്റെ ഭാ​ഗമായിട്ടാണ് പ്രതിമയിൽ കൊടി പുതപ്പിച്ചതെന്നാണ് കോൺ​ഗ്രസ് ആരോപിക്കുന്നത്. പൊലീസിൽ പരാതി നൽകുമെന്നും കോൺ​ഗ്രസ് വ്യക്തമാക്കി.

അതേസമയം, വിവാദങ്ങൾക്ക് പിന്നാലെ ആരോപണം നിഷേധിച്ച് ബി ജെ പി രംഗത്തെത്തി. കൊടി പുതപ്പിച്ചതാരാണെന്ന് കണ്ടെത്താൻ ബി ജെ പിയും ന​ഗരസഭ അധികൃതരും രേഖാമൂലം പരാതി നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. പ്രതിഷേധത്തിനെത്തിയ ഡി വൈ എഫ് ഐ പ്രവർത്തകർ ​ഗാന്ധി പ്രതിമയിൽ പുഷ്‌പഹാരം അണിയിച്ചു. തുടർന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്‌‌തു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ഉടൻ നഗരസഭയ്‌ക്ക് മുന്നിൽ ഫ്ലക്‌സ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾ കെട്ടടങ്ങും മുമ്പേയാണ് അടുത്ത വിവാദം ഉയർന്നിരിക്കുന്നത്.