sewerage

തിരുവനന്തപുരം: നഗര വികസനത്തിനുള്ള കേന്ദ്ര സർക്കാരിന്റെ അമൃത് പദ്ധതിയുടെ കീഴിൽ വരുന്ന സ്വിവറേജ് പദ്ധതികളുടെ ഭാഗമായി അധികപണികൾ ചെയ്യുന്നതിന് ഉന്നതാധികാര സമിതി അനുമതി നൽകി. നഗരത്തിൽ നാല് സ്വിവറേജ് പദ്ധതികൾക്കാണ് അധിക പണികൾ ചെയ്യേണ്ടി വരുന്നത്. പണികൾ പൂർത്തിയാക്കുന്നതിനുള്ള സാങ്കേതിക ബുദ്ധിമുട്ടുകളടക്കം കണക്കിലെടുത്താണ് ഇപ്പോഴത്തെ അനുമതി.

മൂന്ന് ഉപജോലികൾക്കായി 40 ശതമാനം അധികം തുകയാണ് അനുവദിച്ചിരിക്കുന്നത്. വ‌ഞ്ചിയൂർ ജംഗ്ഷനും സമദ് ആശുപത്രിയ്ക്കും ഇടയ്ക്ക് ആമയിഴഞ്ചാൻ കനാലിന് സമീപത്തെ സ്വിവറേജ് പൈപ്പ് ശുദ്ധീകരിക്കൽ, കൈതമുക്കിലെ കേടുവന്ന പൈപ്പുകൾ മാറ്റി പുതിയത് സ്ഥാപിക്കും. ഇതോടൊപ്പം പാൽക്കുളങ്ങരയിലെയും തേങ്ങാപ്പുരയിലെയും സ്വിവറേജ് ലൈനുകളും അറ്റകുറ്റപ്പണി നടത്തും. ഇതിനെല്ലാമായി 20 ലക്ഷം രൂപയാണ് അധികം ചെലവിടുക.

പരിചയ സമ്പന്നരായകോൺട്രാക്ടർമാർ കുറവ്

ഇതുകൂടാതെ നേരത്തെ കോർപ്പറേഷൻ അനുമതി നൽകിയ 40 ശതമാനം നിർമ്മാണ ടെണ്ടർ അനുസരിച്ചുള്ള പണികൾ ആരംഭിക്കാനുണ്ട്. മുറിഞ്ഞപാലം മുതൽ കണ്ണമ്മൂല വരെയുള്ള സ്വിവറേജ് ലൈനുകളുടെ നവീകരണവും ഇതിൽ ഉൾപ്പെടുന്നു. നേരത്തെ 1.30 കോടിയുടെ ഭരണാനുമതിയാണ് നൽകിയിരുന്നത്. ഇത് പിന്നീട് 1.64 കോടിയായി പരിഷ്‌കരിക്കുകയും ചെയ്തു. പുന്നയ്ക്കമുഗൾ വാർഡിലെ ചെങ്ങല്ലൂർ മുതൽ വട്ടവിള വരെയുള്ള പൈപ്പ് ഇടലും പുതിയ മാൻഹോളുകൾ സ്ഥാപിക്കലുമായി 45 ശതമാനത്തോളമുള്ള അധികപണികൾക്കും അംഗീകാരം നൽകിയിട്ടുണ്ട്. സ്വിവറേജ് മേഖലയിൽ പരിചയസമ്പന്നരായ കോൺട്രാക്ടർമാരുടെ അഭാവം മൂലം പണികൾ മുടങ്ങുന്നതാണ് അധിക പണികൾക്ക് ഇടവരുത്തുന്നത്.

കഴക്കൂട്ടം എടത്തറയിൽ സ്വിവറേജ് പമ്പ് ഹൗസ് സ്ഥാപിക്കുന്നതിനായി 5.87 കോടിയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ തുക പിന്നീട് പരിഷ്‌കരിക്കും. പമ്പ് ഹൗസിന്റെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് പദ്ധതിപ്രദേശം സംബന്ധിച്ച് കോൺട്രാക്ടർ ചില പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്ഥലത്തെ മണ്ണിന് ഉറപ്പില്ലാത്തതിനാൽ തന്നെ പണി നടക്കുമ്പോൾ സമീപങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാദ്ധ്യത വലുതാണ്. അതിനാൽ തന്നെ മുൻകരുതൽ നടപടികൾ സ്വീകരിക്കാതെ നിർമ്മാണം നടത്താനാകില്ലെന്നും കോൺട്രാക്ടർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.