punnayar

പുതിയ പുതിയ കാഴ്‌ചകൾ കാണാനാണ് ഓരോ യാത്രികനും ആഗ്രഹിക്കുക. കണ്ണിനും മനസിനും ശരീരത്തിനും പുതു ഊർജം പകരുന്ന, പിന്നെയും പിന്നെയും എത്തിച്ചേരാൻ മനസ് മന്ത്രിക്കുന്ന ഇടങ്ങൾ. അതിലൊന്നാണ് പുന്നയാർ വെള്ളച്ചാട്ടം.

ഇടുക്കിയിലെ അധികമാരാലും അറിയപ്പെടാത്ത വശ്യസുന്ദരമായ ഒരു വെള്ളച്ചാട്ടമാണിത്. ഇവിടേക്ക് എത്തുന്നതിൽ ഏറെപ്പേരും സ്വദേശികളാണ്. തിരക്കുകളിൽ നിന്നൊക്കെ മാറി മനസ് ശാന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കെല്ലാം യാത്ര പോകാവുന്ന ഒരിടമാണിത്.

വെള്ളച്ചാട്ടത്തിന്റെ തണുപ്പും ഭംഗിയും മാത്രമല്ല, പുന്നയാറിലേക്കുള്ള യാത്രാവഴികളും അത്യന്തം മനോഹരമാണ്. പച്ചപ്പും ശുദ്ധവായുവും ഒന്നിച്ച പുന്നയാറിലേക്കുള്ള യാത്ര ഓരോ സഞ്ചാരികന്റെയും ഹൃദയത്തിലാണ് ഇടം പിടിക്കുക. തൊടുപുഴയിൽ നിന്നും കാളിയാർ എസ്റ്റേറ്റും വണ്ണപ്പുറവും വെൺമണിയും കടന്ന് കഞ്ഞിക്കുഴിയിലെത്താം. അവിടെ നിന്നും പിന്നെയും കുറച്ച് ദൂരം കൂടി സഞ്ചരിക്കേണ്ടതുണ്ട് പുന്നയാറിലെത്താൻ.

ഇവിടെനിന്നും രണ്ടു പാതവഴി വെള്ളച്ചാട്ടത്തിന്റെ അടുത്തെത്താം. അരകിലോമീറ്റർ ദൂരം കൃഷിയിടത്തിലൂടെ കാൽനട യാത്ര ചെയ്തു വേണം വെള്ളച്ചാട്ടത്തിനടുത്തേക്ക് എത്തിച്ചേരുവാൻ. പ്രകൃതിയുടെ മനോഹാരിത തൊട്ടറിഞ്ഞുള്ള യാത്ര. ആദ്യം വെള്ളച്ചാട്ടത്തിന്റെ മുകൾ ഭാഗത്താണ് എത്തുക.

നിരന്ന പറയിലൂടെ ഒഴുകിയെത്തുന്ന വെള്ളത്തിലൂടെ നടന്ന് മറുകരയെത്താം. പുന്നയറിന്റെ ഒരുവശം മുളം കാടുകളും വള്ളിപ്പടർപ്പുകളുമാണ്. മറ്റൊരുവശം നിരന്ന പാറയും. മഴക്കാലത്തൊഴികെ എപ്പോൾ വേണമെന്കിലും ഭയം കൂടാതെ കുളിക്കാമെന്നതാണ് പുന്നയാർ വെള്ളച്ചാട്ടത്തിന്റെ പ്രത്യേകത. സുഹൃത്തുക്കൾക്കൊപ്പവും കുടുംബമായുമൊക്കെ ഏതുസമയവും എത്താവുന്ന ഒരിടം.