കുറ്റവാളികളുടെ പേടി സ്വപ്നമാണ് ജയിൽ. ഇരുമ്പഴിക്കുള്ളിൽ തടവിലാക്കപ്പെട്ട കുറ്റവാളികളുടെ രൂപവും വൃത്തിഹീനമായ പരിസരവും ഇരുണ്ട മുറിയും ഒക്കെയാണല്ലൊ ജയിൽ എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ഓടി എത്തുന്നത്. വെറുതേ പോലും ഒരു ദിവസം ജയിലിൽ കഴിയാൻ ആരും ഇഷ്ടപ്പെടാറില്ല. എന്നാൽ, വ്യത്യസ്തമായൊരു ജയിൽ ജീവിതം അടുത്തറിഞ്ഞാലോ? ആരേയും തടവിൽ കിടക്കാൻ 'മോഹിപ്പിക്കുന്ന" ഒരു ജയിൽ മുറിയുണ്ട് അങ്ങ് സ്വീഡനിൽ.
സ്വീഡനിലെ നോർഡിക് ജയിൽ സെല്ലുകളുടെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടു. ഒരു ആഡംബര ഫ്ലാറ്റിനെയോ ഹോട്ടൽ മുറിയെയോ ഓർമ്മിപ്പിക്കുന്നതാണ് ഈ ജയിൽ മുറി. നോർവേ, ഡെൻമാർക്ക്, സ്വീഡൻ, ഫിൻലൻഡ്, ഐസ്ലാന്റ് എന്നിവ ഉൾപ്പെടുന്നതാണ് നോർഡിക് രാജ്യങ്ങൾ. 'സാൻഫ്രാൻസിസ്കോയിലെ 3,000 ഡോളർ റെന്റ് നൽകേണ്ടി വരുന്ന അപ്പാർട്ട്മെന്റിനു തുല്യം' എന്ന തലക്കെട്ടോടുകൂടിയാണ് ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ചിത്രങ്ങളിൽ കാണുന്ന പോലെതന്നെ കോമൺ ഏരിയ, ടെലിവിഷൻ, ടേബിൾ, ലൈബ്രറി, സോഫ എന്നു വേണ്ട എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്. തടവുകാരെ കുടുസ്സുമുറിയിൽ ബന്ധിച്ച് സാമൂഹിക വിരുദ്ധരാക്കാതെ വളരെ നല്ല സൗകര്യങ്ങൾ നൽകി സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനാണ് ഇത്തരത്തിലുള്ള സൗകര്യങ്ങൾ അധികൃതർ നൽകുന്നതെന്നാണ് കരുതുന്നത്. കുടുസുമുറികളും ഇരുണ്ട വെളിച്ചത്തിലെ താമസവും കഠിനമായ ജോലികളുമെല്ലാം തടവുകാരുടെ മാനസികനിലയെ സാരമായി തന്നെ ബാധിക്കുന്നുണ്ട്. ഇതുമാറ്റാനാണ് ഇത്തരം തുറന്ന ജയിലുകൾ.