തിരുവനന്തപുരം: കൊവിഡ് രോഗം ബാധിക്കുകയും പിന്നീട് ഭേദമായവരും പ്രതിരോധ വാക്‌സിൻ എടുക്കണം. കൊവിഡ് ബാധിച്ചവർക്ക് രോഗമുക്തി നേടി നാലാഴ്ചയ്ക്കുള്ളിലാണ് വാക്‌സിൻ നൽകുക. രോഗം ഭേദമായെന്ന് കരുതി ആരും വാക്‌സിനേഷൻ എടുക്കാതിരിക്കരുതെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. രോഗബാധ മൂലം ശരീരത്തിൽ പ്രതിരോധശേഷി ഉണ്ടാകുമെങ്കിലും ചുരുങ്ങിയ കാലത്തേക്ക് മാത്രമെ ഇത് നിലനിൽക്കൂവെന്നാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്. രോഗബാധയ്ക്ക് ശേഷം ശരീരത്തിനുണ്ടാകുന്ന പ്രതിരോധ ശേഷിയെക്കാൾ കൂടുതലായിരിക്കും ബൂസ്റ്റർ വാക്സിൻ കൂടി നൽകുന്നതോടെയുള്ള പ്രതിരോധശേഷി.
ആരോഗ്യപ്രവർത്തകരിൽ തന്നെ കൊവിഡ് ബാധിതരായവർക്ക് നിലവിൽ വാക്സിൻ നൽകില്ല. രോഗബാധയുമായി വാക്സിനേഷന് ചെല്ലുന്നത് രോഗം പകരാൻ ഇടയാക്കുമെന്നതിനാലാണിത്. രണ്ടുഘട്ടമായുള്ള വാക്സിൻ സ്വീകരിച്ചാലും പിന്നെയും 14 ദിവസത്തിന് ശേഷമെ കൊവിഡിനെ ചെറുക്കുന്ന ആന്റിബോഡികൾ പൂർണമായി ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടൂ. ആദ്യ വാക്സിന് 28 ദിവസം കഴിഞ്ഞാണ് രണ്ടാംഘട്ട വാക്സിൻ നൽകുകയെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ രണ്ടാംഘട്ടത്തിലെ ബൂസ്റ്റർ വാക്സിന്റെ സമയപരിധിയുടെ കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും.
വാക്സിൻ നൽകുന്ന രീതി
സംസ്ഥാനത്തെത്തിക്കുന്ന വാക്സിൻ തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം കേന്ദ്രങ്ങളിൽ നിന്നാവും വാക്സിനേഷൻ സെന്ററുകളിലെത്തിക്കുക. തലസ്ഥാനത്ത് നിന്ന് തിരുവനന്തപുരം,ആലപ്പുഴ, കൊല്ലം, പത്തനംതിട്ട കേന്ദ്രങ്ങളിലും കൊച്ചിയിൽ നിന്ന് എറണാകുളം, ഇടുക്കി, കോട്ടയം, പാലക്കാട്, തൃശൂർ കേന്ദ്രങ്ങളിലും കോഴിക്കോട്ട് നിന്ന് കണ്ണൂർ, കോഴിക്കോട്, കാസർകോട്,മലപ്പുറം,വയനാട് കേന്ദ്രങ്ങളിലും നൽകും. ആകെ 133 കേന്ദ്രങ്ങളാണുള്ളത്. രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഒരു കേന്ദ്രത്തിൽ 100 പേർക്ക് വാക്സിൻ നൽകും. അത്തരത്തിൽ പ്രതിദിനം 13,300 പേർക്കാണ് വാക്സിൻ നൽകുക. സർക്കാർ മേഖലയിലെ 1,68,685ഉം സ്വകാര്യ മേഖലയിലെ 1,89,889 ഉം ഉൾപ്പെടെ 3,58 574 പേർക്കാണ് തുടക്കത്തിൽ വാക്സിൻ നൽകുക. മുലയൂട്ടുന്ന അമ്മമാർക്കും ഗർഭിണികൾക്കും വാക്സിൻ നൽകില്ല.
വാക്സിനേഷൻ കേന്ദ്രം
വെയിറ്റിംഗ് ഏരിയ, വാക്സിനേഷൻ റൂം, ഒബ്സർവേഷൻ റൂം കോൾഡ് സ്റ്റോറേജ് എന്നിവയുൾപ്പെട്ടതാണ് വാക്സിനേഷൻ കേന്ദ്രം. ജില്ലാകളക്ടർമാർക്കാണ് ഇതിന്റെ ചുമതല. കോൾഡ് സ്റ്റോറേജിന് കേടുപാട് സംഭവിച്ചാൽ പകരം സംവിധാനമുണ്ട്. ജില്ലാതല ടാസ്ക്ഫോഴ്സും ഉണ്ടാകും.