boby-rolls-royce

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉപയോഗിച്ച റോൾസ് റോയ്‌സ് ഫാന്റം സ്വന്തമാക്കാനൊരുങ്ങി വ്യവസായി ബോബി ചെമ്മണ്ണൂർ. യുഎസ് പ്രസിഡന്റാകുന്നതുവരെ ട്രംപ് ഉപയോഗിച്ചിരുന്ന വാഹനമാണ് ലേലത്തിൽ പിടിക്കാൻ ബോബി ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസമാണ് അമേരിക്കയിലെ പ്രധാനപ്പെട്ടലേല വെബ്‌സൈറ്റായ മേകം ഓക്ഷൻസിൽ ഈ വാഹനം പ്രത്യക്ഷപ്പെട്ടത്. 2010ലാണ് ഈ റോൾസ്‌റോയ്സ് ഫാന്റം ഡൊണാൾഡ് ട്രംപ് സ്വന്തമാക്കുന്നത്. നിലവിൽ ഇത് ട്രംപിന്റെ ഉടമസ്ഥതയിലല്ല.

വാഹനം വാങ്ങുന്നവർക്കായി ട്രംപിന്റെ ഓട്ടോഗ്രാഫ് പതിപ്പിച്ചിട്ടുള്ള യൂസേഴ്സ് മാനുവലും നൽകുന്നുണ്ട്. എനിക്ക് ഏറെ പ്രിയപ്പെട്ട വാഹനമാണിത്, ഏറ്റവും മികച്ച ഒന്ന്, ബെസ്റ്റ് ഓഫ് ലക്ക് എന്നാണ് യൂസേഴ്സ് മാനുവലിൽ കുറിച്ചിട്ടുള്ളത്. 91,249 കിലോമീറ്റർ ഓടിയിട്ടുള്ള വാഹനത്തിന് വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള വില 2.2കോടി രൂപ മുതൽ 2.9കോടി രൂപ വരെയാണ്. 2010ൽ റോൾസ്‌റോയ്സ് പുറത്തിറക്കിയ 537 യൂണിറ്റുകളിൽ ഒന്നാണ് ട്രംപ് സ്വന്തമാക്കിയത്. തീയേറ്റർ പാക്കേജ്, ഇലക്ട്രോണിക് കർട്ടൺ, സ്റ്റാർലൈറ്റ് ഹെഡ്‌ലൈനർ തുടങ്ങിയ അത്യാഡംബര ഫീച്ചറുകൾ വാഹനത്തിന്റെ പ്രത്യേകതയാണ്.