ചെന്നൈ: രാഷ്ട്രീയത്തിലേക്കില്ലെന്ന തീരുമാനം മാറ്റണമെന്ന ആവശ്യവുമായി സമരം നടത്തുന്ന ആരാധകരോട് അഭ്യർത്ഥനയുമായി സൂപ്പർതാരം രജനികാന്ത്. 'രാഷ്ട്രീയത്തിൽ വരുന്നതിലുള്ള എന്റെ ബുദ്ധിമുട്ടിനെ കുറിച്ച് ഞാൻ നേരത്തേ വിശദീകരിച്ചതാണ്. തീരുമാനവും അറിയിച്ചതാണ്. അത് മാറ്റണമെന്നാവശ്യപ്പെട്ട് ഇത്തരം പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ച് എന്നെ വീണ്ടും വേദനിപ്പിക്കരുത്.' അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
അച്ചടക്കത്തോടെ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചതിന് പ്രവർത്തകർക്ക് അദ്ദേഹം നന്ദിയും അറിയിച്ചിട്ടുണ്ട്. ശക്തമായി സമ്മർദ്ദം ചെലുത്തിയാൽ രജനി മനസുമാറ്റുമെന്ന കണക്കുകൂട്ടലിലാണ് ആരാധകർ. രജനി മക്കൾ മൻട്രത്തിന്റെ തഞ്ചാവൂർ, രാമനാഥപുരം തുടങ്ങിയിടങ്ങളിലെ ജില്ലാനേതാക്കൾ സമരത്തെ പിന്തുണച്ചിട്ടുണ്ട്.
രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശത്തിനായി രാമനാഥപുരത്ത് മൻട്രം നേതാക്കൾ പ്രത്യേക വഴിപാട് നടത്തി. ഇത്തരത്തിൽ പലയിടങ്ങളിലും പൂജകൾ നടക്കുന്നുണ്ട്.