honey-trap

ന്യൂഡൽഹി: സ്‌ത്രീകളുടെ നഗ്നചിത്രങ്ങൾക്കും പ്രലോഭിപ്പിക്കുന്ന സംഭാഷണങ്ങൾക്കും വേണ്ടി നിർണായക സൈനിക വിവരങ്ങൾ പങ്കുവച്ച രാജസ്ഥാൻ സ്വദേശി പിടിയിൽ. പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐ എസ് ഐയുടെ ഹണിട്രാപ്പിലാണ് രാജസ്ഥാൻകാരനായ സത്യനാരായൺ പാലിവാൾ കുടുങ്ങിയത്. ചാരക്കുറ്റം ചുമത്തി ഇയാളെ സ്‌പെഷ്യൽ ബ്രാഞ്ച് അറസ്റ്റ് ചെയ്‌തു.

അതിർത്തിയിലെ സൈന്യത്തിന്റെ നീക്കങ്ങളെക്കുറിച്ചും പൊഖ്‌റാൻ ഫയറിംഗ് റേഞ്ചിനെ കുറിച്ചും വിവരങ്ങൾ നൽകുന്നതിന് പകരമായി ഐ എസ് ഐയെ പ്രതിനിധീകരിച്ച് തന്നോട് സംസാരിച്ച സ്ത്രീകൾ നഗ്നചിത്രങ്ങൾ പങ്കുവയ്‌ക്കുമായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ സത്യനാരായൺ പറഞ്ഞു. അത്തരം ചിത്രങ്ങൾക്കും സംഭാഷണത്തിനുമായി സൈന്യത്തെ സംബന്ധിച്ച കൂടതൽ വിവരങ്ങൾ അവർക്ക് പങ്കുവയ്‌ക്കാൻ തുടങ്ങിയെന്നും സത്യനാരായൺ സമ്മതിച്ചു.

ഒരു വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് ഈ സ്ത്രീകളോട് ബന്ധപ്പെട്ടിരുന്നതെന്ന് ചോദ്യംചെയ്യലിൽ അന്വേഷണ ഉദ്യോഗസ്ഥരോട് സത്യനാരായണൻ പാലിവാൾ പറഞ്ഞു. അതിർത്തിയിലെ സൈന്യത്തിന്റെ നീക്കങ്ങളടക്കമുളള നിർണായക വിവരങ്ങൾ അതേ അക്കൗണ്ട് വഴിയാണ് കൈമാറിയതെന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.

പ്രതി സത്യനാരായൺ പാലിവാളിന് വളരെക്കാലമായി ഐ എസ് ഐയുമായി ബന്ധമുണ്ടെന്നും അദ്ദേഹത്തെ പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസി ഹണിട്രാപ്പിൽ കുടുക്കിയതാണെന്നും രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നുവെന്നും അറസ്റ്റ് ചെയ്യുമ്പോൾ ഇയാരുടെ ഫോണിൽ നിന്ന് സൈനിക വിവരങ്ങൾ കണ്ടെടുത്തുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.