photo

ജക്കാർത്ത: ഇന്തോനേഷ്യയിലെ ശ്രീവിജയ എയർ വിമാനത്തിന്റെ കൂടുതൽ അവശിഷ്ടങ്ങൾ കണ്ടെത്തി. കഴിഞ്ഞ ദിവസം രക്ഷാപ്രവർത്തകരും മുങ്ങൽ വിദഗ്ദ്ധരും നടത്തിയ തിരച്ചിലിലാണ് കൂടുതൽ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. എന്നാൽ ജീവനോടെ ആരെയും രക്ഷപെടുത്താൻ കഴിഞ്ഞിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് ഫ്ലൈറ്റ് റെക്കോർഡർ കണ്ടെത്തിയതായും ആശയവിനിമയ വിവരങ്ങൾ ലഭിച്ചതായും രക്ഷാപ്രവർത്തകർ പറഞ്ഞു.

അതേസമയം,​ ശ്രീവിജയ വിമാനത്തിലെ രണ്ട് ബ്ലാക്ക് ബോക്സുകൾ ക്രാഷ് സൈറ്റിന്റെ 150 മുതൽ 200 മീറ്റർ ഉള്ളിൽ കണ്ടെത്തിയതായി കരുതുന്നുവെന്ന് ഇന്തോനേഷ്യൻ നാൽണൽ സെർച്ച് ആൻഡ് റെസ്ക്യൂ ഏജൻസി അറിയിച്ചു. തെരച്ചിൽ തുടരുന്നതായും അദ്ദേഹം അറിയിച്ചു.. എന്നാൽ മൃതദേഹങ്ങൾ കണ്ടെത്തുന്നതിനും കോക്ക്പീറ്റ് വോയ്സ് റെക്കോർഡർ(സിവിആർ)​,​ ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ(എഫ്ഡിആർ)​ എന്നിവ കണ്ടെത്താനും വെള്ളത്തിലെ അവശിഷ്ടങ്ങൾ തടസമാകുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ബ്ലാക്ക് ബോക്സുകൾ എന്ന് സംശയിക്കാവുന്ന രണ്ട് തെളിവുകൾ ഞങ്ങളുടെ പക്കലുണ്ടെന്ന് അ‌ഡ്മിറൽ യൂഡോ മാർഗോനോ പറഞ്ഞു. അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനായി ഒരു ഡൈവിംഗ് ടീമിനെ നിയോഗിച്ചതായും ഉപകരണങ്ങൾ ഉടൻ തന്നെ വീണ്ടെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളത്തിൽ വീഴുമ്പോൾ വിമാനത്തിന്റെ വേഗത വളരെ ഉയർന്നതായിരുന്നു. എന്നാൽ ഇതിനെക്കുറിച്ച് കൂടുതൽ പറയണമെങ്കിൽ ഉപകരണങ്ങളിൽ നിന്നുള്ള വിവരങ്ങൾ കിട്ടേണ്ടതുണ്ട്. ശരീര അവശിഷ്ടങ്ങൾ, യാത്രക്കാരുടേതെന്ന് കരുതുന്ന ​ വസ്ത്രങ്ങൾ,​ വിമാനത്തിന്റെ അവശിഷ്ടങ്ങൾ എന്നിവ ഉൾപ്പടെ ഇരുപത്തിയാറ് ബാഗുകൾ തിരിച്ചറിയുന്നതിനായി ജക്കാർത്ത ആസ്ഥാനമായുള്ള ദുരന്തബാധിത അന്വേഷണ വിഭാഗത്തിന് കൈമാറിയതായി അധികൃതർ പറഞ്ഞു. മൃതദേഹങ്ങൾ തിരിച്ചറിയാൻ വിമാനത്തിലുണ്ടായിരുന്നവരുടെ ബന്ധുക്കളിൽ നിന്ന് 40 ഡി.എൻ.എ സാമ്പിളുകൾ ശേഖരിച്ചതായി പൊലീസ് അറിയിച്ചു.

യാത്രക്കാർ ഉൾപ്പടെ 62 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ജക്കാർത്ത വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന വിമാനം ജാവ കടലിടുക്കിൽ തകർന്നുവീണെന്ന് സ്ഥിരീകരിച്ച ഉടൻതന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. തുടർന്നാണ് ഇന്തോനേഷ്യൻ നാവികസേനയുടെ അണ്ടർവാട്ടർ വീഡിയോയിൽ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കടൽതീരത്തായി കണ്ടെത്തിയത്.

അപകടങ്ങൾ പതിവായി ഇന്തോനേഷ്യ

ഇന്തോനേഷ്യയിൽ കര, വ്യോമ, കടൽ ഗതാഗതത്തിൽ അപകടങ്ങൾ പതിവാണെന്ന് റിപ്പോർട്ട്.. വളരെ പഴക്കം ചെന്ന അടിസ്ഥാന സൗകര്യങ്ങളും ശക്തമായ സുരക്ഷാ മാനദണ്ഡങ്ങളുടെ അപര്യാപ്തതയുമാണ് അപക‌ടങ്ങൾക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്.. 1957 നും 2021 നും ഇടയിൽ 16 വിമാന അപകടങ്ങളാണ് രാജ്യത്ത് ഉണ്ടായത്..