dev

വാഷിംഗ്ഡൺ: പ്രശസ്ത ഇൻഡോ- അമേരിക്കൻ നോവലിസ്റ്റ് വേദ് മേത്ത (86)​ അന്തരിച്ചു. കഴിഞ്ഞ ശനിയാഴ്ച സ്വവസതിയിലായിരുന്നു അന്ത്യം. അന്ധതയെ മറികടന്ന് ഇരുപതാം നൂറ്റാണ്ടിലെ അമേരിക്കൻ വായനക്കാർക്ക് ഇന്ത്യയെ പരിചയപ്പെടുത്തിയ എഴുത്തുകാരനാണ് മേത്ത. ന്യൂയോർക്കർ മാഗസിനിൽ കഴിഞ്ഞ 33 വർഷമായി സ്റ്റാഫ് എഴുത്തുകാരൻ കൂടിയാണ് ഇദ്ദേഹം. 1934ൽ ലാഹോറിലെ പഞ്ചാബി കുടുംബത്തിൽ ജനിച്ചു. മേത്തയ്ക്ക് മൂന്ന് വയസുള്ളപ്പോൾ മെനഞ്ചൈറ്റിസ് ബാധിച്ച് കാഴ്ച നഷ്ടമായി. എന്നാൽ കാഴ്ചയില്ലായ്മ തന്റെ സാഹിത്യ വൈദഗ്ദ്ധ്യം ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്നതിന് തടസമായില്ല. മേത്തയ്ക്ക് ചുറ്റുമുള്ള ലോകത്തെ പരമാവധി കൃത്യതയോടും മികച്ചരീതിയിലും എഴുത്തിലൂടെ വിവരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

മേത്തയ്ക്ക് 15 വയസുള്ളപ്പോഴാണ് അമേരിക്കയിൽ എത്തുന്നത്. ലിറ്റിൽ റോക്കിലെ അർക്കൻസാസ് സ്കൂൾ ഫോർ ദി ബ്ലൈൻഡിൽ ചേർന്നു. പോമോണ കോളേജിലും ഓക്സ്ഫോർഡ് സർവകലാശാലയിലും പഠിച്ച ശേഷം എഴുത്തുകാരനായി ജോലി തുടങ്ങി. 26 വയസുള്ളപ്പോൾ ന്യൂയോർക്കർ മാഗസിനിൽ ചേർന്നു. ഓക്സ്ഫോർഡ് ഡോൺസ്,​ ദൈവശാസ്ത്രം,​ ഇന്ത്യൻ രാഷ്ട്രീയം തുടങ്ങി നിരവധി വിഷയങ്ങളെക്കുറിച്ച് അദ്ദേഹം എഴുതി.

എ ബാറ്റിൽ എഗൈൻസ്റ്റ് ദി ബീച്ച്മെന്റ് ഒഫ് അവർ ഇന്റലിജന്റ്സ് (1961)​,​ എ പോട്രേറ്റ് ഒഫ് ബ്രിട്ടീഷ് ഇന്റലക്ച്വൽ ലൈഫ് ആൻഡ് ദ ഫിലോസഫിക്കൽ ഡിബേറ്റ്സ് ഒഫ് ദ ടൈം,​ ജോൺ ഈസ് ഈസി ടു പ്ലീസ് (1971) എന്നിവ പ്രധാന നോവലുകൾ. യുവ ഭാഷാശാസ്ത്രജ്ഞനായ നോം ചോംസ്കിയെക്കുറിച്ചും പരിവർത്തന വ്യാകരണ സിദ്ധാന്തത്തിന്റെ വിമർഷകരെക്കുറിച്ചും എഴുതിയിട്ടുണ്ട്. 1976ൽ മഹാത്മാഗാന്ധിയെക്കുറിച്ചും ഇദ്ദേഹം എഴുതിയിട്ടുണ്ട്.