വാഷിംഗ്ഡൺ: യു.എസ് പ്രസിഡന്റ് ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് എന്നന്നേക്കുമായി വിലക്കി ഇന്ത്യൻ വംശജയായ വിജയ ഗഡ്ഡെ(45). ട്രംപ് തന്റെ ട്വിറ്ററിലൂടെ കാപ്പിറ്റോൾ കലാപത്തിന് അനുയായികളോട് ആഹ്വാനം ചെയ്തതിനാണ് അകൗണ്ട് വിലക്കിയത്. ട്വിറ്ററിന്റെ നിയമകാര്യ മേധാവിയാണ് വിജയ ഗഡ്ഡെ. ട്വിറ്ററിന്റെ നയരൂപീകരണ, സുരക്ഷാ വിഷയങ്ങളും കൈകാര്യം ചെയ്യുന്നത് വിജയയാണ്. യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിൽ ട്രംപ് അനുകൂലികൾ കലാപക്കൊടി പാറിച്ചതിനു പിന്നാലെ വെള്ളിയാഴ്ച രാവിലെയോടെയാണ് ട്വിറ്ററും ഫെയ്സ്ബുക്കും ഉൾപ്പെടെയുള്ള സമൂഹമാദ്ധ്യമങ്ങൾ ട്രംപിന് താത്കാലിക വിലക്ക് ഏർപ്പെടുത്തിയത്. തുടർന്ന് കൂടുതൽ അക്രമാഹ്വാനങ്ങൾക്കു സാധ്യതയുണ്ടെന്നു കാട്ടിയാണ് ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് എന്നന്നേക്കുമായി മരവിപ്പിക്കുകയാണെന്ന് തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ വിജയ അറിയിച്ചത്.
ഇന്ത്യയിൽ ജനിച്ച വിജയ കുട്ടിയായിരുന്നപ്പോൾ തന്നെ യുഎസ്സിലേക്ക് കുടിയേറിയിരുന്നു. ന്യൂ ജഴ്സിയിലെ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം കോർണൽ സർവകലാശാലയിൽനിന്ന് ബിരുദവും ന്യൂയോർക് സർവകലാശാലയിൽനിന്ന് നിയമബിരുദവും നേടി. തുടർന്ന് ഒരു ദശാബ്ദത്തോളം ടെക് സ്റ്റാർട്ടപ്പുകളുമായി ബന്ധപ്പെട്ട നിയമകാര്യ കമ്പനിയിൽ ജോലി നോക്കിയശേഷമാണ് 2011ൽ ഗഡെ്ഡ ട്വിറ്ററിൽ എത്തുന്നത്.