aparna-

രണ്ട് ദിവസമായി സമൂഹമാദ്ധ്യമങ്ങളിലെ ചർച്ചാ വിഷയമാണ് ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറിയ 14 കാരൻ, നടി അപർണയോട് ലൈംഗിക ചുവയോടെ സംസാരിച്ച വാർത്ത. ആ കുട്ടിയുടെ പെരുമാറ്റത്തിൽ സമൂഹത്തിനും നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിനും പങ്കില്ലേ എന്നത് നാം സ്വയം ചോദിക്കേണ്ട ചോദ്യമാണ്. എങ്ങനെയാണ് കുട്ടികളിൽ പരസ്പരബഹുമാനം പഠിപ്പിക്കേണ്ടത്. വിദ്യാഭ്യാസം പൂർണ്ണമായും അക്കാഡമിക്സ് മാത്രമല്ല കുട്ടികളിൽ മൂല്യങ്ങളും കൂടി വളർത്താനുള്ളതാണ്. ഒരു കുട്ടിയെ ശാരീരികവും, മാനസികവും, സാമൂഹികവുമായ വളർച്ചയിലേക്ക് നയിക്കേണ്ടതാണ്.

ഒരു കുട്ടി വളർന്ന് വരുമ്പോൾ അവൻ എങ്ങനെ അവന് ചുറ്റുമുള്ളവരെ കാണുന്നു എന്നുള്ളത് അവന്റെ കുടുംബ പശ്ചാത്തലം, സാമൂഹികപശ്ചാത്തലം, വിദ്യാഭ്യാസം, സുഹൃത്തുക്കൾ മാദ്ധ്യമങ്ങൾ എന്നിവയെ ഒക്കെ ആശ്രയിക്കുന്നു, അവന്റെ മാനസീകവും വൈകാരികവുമായുള്ള വളച്ചയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ് ഇവയെല്ലാം. ഇന്നത്തെ നമ്മുടെ സമൂഹം സ്ത്രീകളെ ഒരു ഉപഭോഗവസ്തുവായി ആണ് ചിത്രീകരിക്കുന്നത്. വിവിധ മാദ്ധ്യമങ്ങളിലും, സിനിമയിലും പരസ്യങ്ങളിലും ഒക്കെ വരുന്ന സ്ത്രീ കഥാപാത്രങ്ങളെയൊ സ്ത്രീകളെ കുറിച്ച് പുരുഷന്മാരോ മറ്റ് കഥാപാത്രങ്ങളോ നടത്തുന്ന പരാമർശങ്ങൾ അതിനുള്ള തെളിവാണ്.

സ്‌കൂളുകളിൽ പോലും ആൺകുട്ടികളെയും, പെൺകുട്ടികളെയും വേർതിരിച്ചാണ് കാണുന്നത്. മിക്സഡ് സ്‌കൂളുകളിൽ പോലും ആൺകുട്ടികളും പെൺകുട്ടികളും അടുത്തിരിക്കുന്നതും, സൗഹൃദം പങ്കിട്ട് സംസാരിക്കുന്നത് പോലും തെറ്റാണ് എന്നാണ് പഠിപ്പിക്കുന്നത്. അതിന് ശിക്ഷിക്കുന്ന സമ്പ്രദായം പോലും പല സ്ഥലങ്ങളിലും നിലനിൽക്കുന്നുണ്ട്. ഇതിലൂടെ ഒക്കെ കുട്ടികളെ എന്താണ് നമ്മൾ പഠിപ്പിക്കുന്നത് ? ഇങ്ങനെ വളരുന്ന ഒരു കുട്ടിയിൽ എതിർ ലിംഗത്തോട് തോന്നുന്ന സമീപനം എന്തായിരിക്കും.

കൗമാര പ്രായക്കാർ പൊതുവെ അവർക്കു ചുറ്റും കാണുന്നതും കേൾക്കുന്നതുമായ കാര്യങ്ങൾ പരീക്ഷിച്ച് നോക്കാൻ താത്പര്യപെടുന്നവരാണ്. സൗഹൃദ വലയത്തിന്റെ സമ്മർദ്ദങ്ങളിൽ പെട്ട് പോകുന്നവരും. സുഹൃത്തുക്കളുടെ മുന്നിൽ ഹീറോ ആകാൻ വേണ്ടിയും മറ്റുള്ളവരുടെ ശ്രദ്ധ കിട്ടുന്നതിന് വേണ്ടിയും അവർ പരീക്ഷണങ്ങൾ നടത്താറുണ്ട്.
തന്റെ ശരീരത്തിനെയും മറ്റുള്ളവരുടെ ശരീരത്തെയും ബഹുമാനിക്കേണ്ടതുണ്ട് എന്ന് അവർ അറിഞ്ഞിരിക്കേണ്ടതും അത് അവരെ പഠിപ്പിക്കേണ്ടതും അത്യാവശ്യമാണ്. കുട്ടികൾ വളരുമ്പോൾ എല്ലാം അറിഞ്ഞോളും, മനസിലാക്കിക്കോളും എന്ന ധാരണ മുതിർന്നവർക്ക് ഉണ്ട്. സ്‌കൂളുകളിൽ പഠന പദ്ധതിയുടെ ഭാഗമായിത്തന്നെ ലൈംഗിക വിദ്യാഭ്യാസം നൽകേണ്ടതാണ്. അതിനായി പരിശീലനം ലഭിച്ച അദ്ധ്യാപകർ തന്നെ ക്ലാസുകൾ കൈകാര്യം ചെയ്യേണ്ടതും ആവശ്യമാണ്.

ലൈംഗികവിദ്യാഭ്യാസം എന്നാൽ എന്താണ് എന്ന് അറിയാത്ത ഒരു സമൂഹമാണ് നമുക്ക് ചുറ്റും ഇന്നുള്ളത്. കുട്ടികളുടെ പ്രായത്തിനനുസരിച്ച് ലൈംഗികതയെപ്പറ്റി ബോധവൽക്കരിക്കുന്നതിനാണ് ലൈംഗിക വിദ്യാഭ്യാസം എന്ന് പറയുന്നത്. അവരുടെ ശരീരത്തെക്കുറിച്ചും അത് വൃത്തിയായി സൂക്ഷിക്കേണ്ടതെങ്ങനെയാണും എന്നൊകെ പഠിപ്പിക്കുന്നതും ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. ലൈംഗിക അതിക്രമങ്ങളിൽ നിന്ന് രക്ഷ നേടാനും, ലൈംഗികതയെക്കുറിച്ചുള്ള അജ്ഞത മാറ്റുവാനും ആണ് ലൈംഗിക വിദ്യാഭ്യാസം. സെക്സ് എങ്ങനെയാണ് ചെയ്യുന്നത് എന്നത് പഠിപ്പിക്കുന്നതാണ് ലൈംഗിക വിദ്യാഭ്യാസം എന്നാണ് സമൂഹത്തിന്റെ വിശ്വാസം.

തന്റെ വികാരങ്ങളെ എങ്ങനെ മനസ്സിലാക്കണമെന്നും നിയന്ത്രിക്കണമെന്നും കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട്. ഇതെല്ലാം പാഠ്യപദ്ധതിയുടെ ഭാഗമാക്കേണ്ടതാണ്. എല്ലാ സ്‌കൂളുകളിലും ലൈംഗിക വിദ്യാഭ്യസം നിർബന്ധം ആക്കണം. കൂടാതെ മാതാപിതാക്കളും കുട്ടികളോട്, അവരുടെ പ്രായത്തിന് അനുസരിച്ച് ലൈംഗിക കാര്യങ്ങളെക്കുറിച്ചു പറഞ്ഞു കൊടുക്കണം. സ്വന്തമായി ഉണ്ടാക്കുന്ന മിദ്ധ്യാധാരണകൾ മാറ്റാനും , കൂട്ടുകാരിൽ നിന്നോ മാദ്ധ്യമങ്ങളിൽ നിന്നോ നേടുന്ന അൽപജ്ഞാനങ്ങൾ സൃഷ്ടിക്കുന്ന അപകടങ്ങൾ ഒഴിവാക്കാനും ലൈംഗികവിദ്യാഭ്യാസം സഹായകമാകും. എന്താണ് ലൈംഗിക അതിക്രമം, അത് എങ്ങനെ തിരിച്ചറിയാം അതിൽ നിന്നും എങ്ങനെ രക്ഷപ്പെടാം ഇതൊക്കെ പഠിപ്പിക്കുന്നതും ലൈംഗിക വിദ്യാഭ്യാസമാണ്. നല്ല സ്പർശനം, ചീത്ത സ്പർശനം അവ എങ്ങ നെ തിരിച്ചറിയാം എന്നുള്ളതും ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്.

ഇന്നത്തെ സാഹചര്യത്തിൽ വിദ്യാഭ്യാസം ഓൺലൈൻ ആയപ്പോൾ പഠന പ്രവർത്തനങ്ങൾക്കല്ലാതെ മറ്റൊന്നിനും പ്രാധാന്യമില്ലാത്ത അസ്ഥയിലേക്ക് കാര്യങ്ങൾ മാറി. കുട്ടികളുടെ കൈയിൽ സ്മാർട്ട് ഫോണും ഇന്റർനെറ്റും വളരെ എളുപ്പത്തിൽ എന്ത് വിവരവും ലഭിക്കുകയും ചെയ്യാം എന്ന അവസ്ഥയുമാണ്. എങ്ങനെ ആണ് ഉത്തരവാദിത്വത്തോടെ മൊബൈൽ ഉപയോഗിക്കേണ്ടത് എന്ന് കുട്ടികളെ പഠിപ്പിക്കേണ്ടതും ടെക്‌നോളജിയെക്കുറിച്ച രക്ഷകർത്താക്കൾ കൃത്യമായി അറിഞ്ഞിരിക്കണ്ടതും അത്യാവശ്യമാണ്.

വാണിദേവി പി ടി

ചൈൽഡ് സൈക്കോളജിസ്റ്റ്

ഫോൺ : 94968 14274