റായ്പുർ: മൂന്നാം ഘട്ട പരീക്ഷണം പൂർത്തീകരിക്കാതെ കൊവാക്‌സിന്റെ വിതരണത്തിന് അനുമതി നൽകില്ലെന്ന് ഛത്തീസ്ഗഡ് സർക്കാർ. കേന്ദ്രസർക്കാർ വിതരണത്തിനെത്തിച്ചാലും സംസ്ഥാനത്തിനുള്ളിൽ വിതരണാനുമതി നൽകില്ലെന്ന് ആരോഗ്യമന്ത്രി ടി.എസ്. സിംഗ് ദിയോ അറിയിച്ചു.
ഭോപ്പാലിൽ കൊവാക്‌സിൻ സ്വീകരിച്ച ആരോഗ്യപ്രവർത്തകൻ മരിച്ച സംഭവത്തെ തുടർന്ന് ആരോഗ്യവിദഗ്ദ്ധർ വാക്‌സിന്റെ സുരക്ഷയെ കുറിച്ച് ആശങ്കയുയർത്തിയത് ചൂണ്ടിക്കാട്ടിയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. എന്നാൽ, ഹൃദയ തകരാറാണ് മരണത്തിന് കാരണമെന്ന് ഭാരത് ബയോടെക് അറിയിച്ചിരുന്നു. പരീക്ഷണഘട്ടങ്ങൾ പൂർത്തിയാക്കാതെയുള്ള വാക്‌സിൻ വിതരണത്തിന് കേന്ദ്രസർക്കാർ എന്തിനാണ് ധൃതി കാട്ടുന്നതെന്നും ദിയോ ചോദ്യമുന്നയിച്ചു.
മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാകാൻ വൈകുന്നത് സംശയം ജനിപ്പിക്കുന്നതാണെന്നും 28,000 ത്തോളം സംപിളുകൾ ശേഖരിക്കേണ്ടിടത്ത് 23,000 സാംപിളുകളാണ് ഇതു വരെ ശേഖരിച്ചതെന്നാണ് വിവരമെന്നും അദ്ദേഹം പറഞ്ഞു.