india-cricket

131 ഓവറുകൾ പിടിച്ചുനിന്ന് ഇന്ത്യ നേടിയെടുത്ത സമനിലയ്ക്ക് വിജയത്തോളം മാധുര്യം

സിഡ്നി : പ്രതിസന്ധികൾക്ക് നടുവിലാണ് ചരിത്രനായകർ ജനിക്കുന്നതെന്ന് പറയാറുണ്ട് ; അങ്ങനെയെങ്കിൽ സമാനതകളില്ലാത്ത പ്രതിസന്ധികളെ നേരിട്ട് വിജയത്തോളം മധുരം നിറയുന്ന സമനില വെട്ടിപ്പിടിച്ചെടുത്ത അജിങ്ക്യ രഹാനെയും കൂട്ടുകാരും ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ നായകർ തന്നെയാണ്.

ആദ്യ ഇന്നിംഗ്സിൽ 338 റൺസ് നേടിയ ആസ്ട്രേലിയയ്ക്ക് എതിരെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 244ൽ അവസാനിച്ചിരുന്നു. തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ആസ്ട്രേലിയ 312/6 എന്ന സ്കോറിൽ ഡിക്ളയർ ചെയ്ത് 407 റൺസിന്റെ വിജയലക്ഷ്യം മുന്നോട്ടുവച്ചു.നാലാം ദിവസം അവസാന സെഷനിൽ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ അഞ്ചുവിക്കറ്റുകൾ മാത്രം നഷ്ടമാക്കി 131 ഓവറുകൾ പിടിച്ചുനിന്ന് ആൾഔട്ടൊഴിവാക്കി സമനില പി‌ിച്ചുവാങ്ങുകയായിരുന്നു.രോഹിത് ശർമ്മ(52),ശുഭ്മാൻ ഗിൽ (31), ചേതേശ്വർ പുജാര(77), റിഷഭ് പന്ത് (97),ഹനുമ വിഹാരി(161 പന്തുകളിൽ 23 നോട്ടൗട്ട്),അശ്വിൻ (128 പന്തുകളിൽ 39 നോട്ടൗട്ട്) എന്നിവരുടെ പോരാട്ടമാണ് ഇന്ത്യയെ വലിയ തോൽവിയിൽ നിന്ന് രക്ഷിച്ചത്.

അവിശ്വസനീയം സിഡ്നി

സിഡ്നിയിലെ രണ്ടാം ഇന്നിംഗ്സിൽ 407 റൺസെന്ന വമ്പൻ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 200ന് മേൽ സ്കോർ ചെയ്യുമെന്ന പ്രതീക്ഷ അധികമാർക്കുമില്ലായിരുന്നു. എന്നാൽ ഒരുവേള ഇന്ത്യ ജയിക്കുമെന്ന പ്രതീതിതന്നെ ഉയർത്തിയ റിഷഭ് പന്തിന്റെ വെടിക്കെട്ട് ബാറ്റിംഗും മെല്ലെപ്പോക്കും ഒരായുധമാണെന്ന് ഒരിക്കൽക്കൂടി തെളിയിച്ച ചേതേശ്വർ പുജാരയുടെ അർദ്ധസെഞ്ച്വറിക്കുമപ്പുറം ഇതുവരെയുള്ള മത്സര്ളിലൊന്നും തിളങ്ങാൻ കഴിയാതിരുന്നതിന്റെ പേരുദോഷമത്രയും മായ്ച്ചുകളഞ്ഞ പ്രതിരോധമുയർത്തിയ ഹനുമ വിഹാരിയുടെയും സാഹചര്യം കണ്ടറിഞ്ഞ് കളിച്ച അശ്വിന്റെയും ബാറ്റിംഗും പേരുകേട്ട ആസ്ട്രേലിയൻ ബൗളർമാരെ വെള്ളം കുടിപ്പിച്ചുകളഞ്ഞു.

പന്തതിശയമേ ...

98/2 എന്ന നിലയിൽ ഇന്നലെ ബാറ്റിംഗ് പുനരാരംഭിക്കാനെത്തിയ ഇന്ത്യയ്ക്ക് നായകൻ രഹാനെയെ(4) ടീം സ്കോർ 102ൽ വച്ച് നഷ്‌ടമായി. പകരമെത്തിയ റിഷഭ് പന്ത് താൻ ടെസ്റ്റിലാണ് കളിക്കുന്നതെന്ന് ഓർത്തുകൂടിയില്ലാത്ത മട്ടിലാണ് ബാറ്റിംഗ് തുടങ്ങിയത്. ഇന്ത്യയെ ഇപ്പോൾ വീഴ്ത്തിക്കളയാം എന്നമട്ടിൽ പന്തെറിഞ്ഞ ആസ്ട്രേലിയക്കാരെ റിഷഭ് സ്വതസിദ്ധമായ ശൈലിയിൽ നാലുപാടും അടിച്ചുപറത്തിക്കളഞ്ഞു. സ്വതവേ പ്രതിരോധക്കാരനായ പുജാരയെപ്പോലും ഷോട്ടുകളിക്കാൻ പ്രേരിപ്പിക്കുന്ന രീതിയലായിരുന്നു റിഷഭിന്റെ ബാറ്റിംഗ്.ആദ്യ സെഷൻ പുജാരയും റിഷഭും ചേർന്നാണ് കളിച്ചത്. 206/3 എന്ന നിലയിൽ ലഞ്ചിന് പിരിഞ്ഞപ്പോൾ ഇന്ത്യ ചിലപ്പോൾ വിജയിച്ചേക്കും എന്ന പ്രതീതിയുണർന്നു.

ലഞ്ചിന് ശേഷവും റിഷഭ് ആക്രമണം തുടർന്നു. എന്നാൽ 118 പന്തുകളിൽ 12 ഫോറുകളും മൂന്ന് സിക്സുകളും പായിച്ച റിഷഭിനെ സെഞ്ച്വറിക്ക് മൂന്നു റൺസ് അകലെവച്ച് ലിയോണിന്റെ പന്തിൽ കമ്മിൻസ് പിടികൂടിയതോടെ ഇന്ത്യയുടെ വിജയപ്രതീക്ഷ മങ്ങി. എന്നാൽ സമനില ലക്ഷ്യം വച്ച് പുജാരയും വിഹാരിയും നീങ്ങിത്തുടങ്ങി. എന്നാൽ ചായയ്ക്ക് തൊട്ടുമുമ്പ് പുജാരയെ ഹേസൽവുഡ് ക്ളീൻ ബൗൾഡാക്കി.205പന്തുകൾ നേരിട്ട പുജാര 12 ബൗണ്ടറികൾ പറത്തി.

നമുക്ക് പ്രതിരോധിച്ച്, പ്രതിരോധിച്ച് പോകാം..

പുജാരയ്ക്ക് പകരം വന്ന അശ്വിനും വിഹാരിയും പിന്നെ തീർത്തത് പ്രതിരോധത്തിന്റെ വന്മതിലാണ്. റൺസ് വേണ്ട, വിക്കറ്റ് തരികയുമില്ല എന്ന നിലപാടിലായിരുന്നു ഇരുവരും.280/5 എന്ന നിലയിലാണ് ചായയ്ക്ക് പിരിഞ്ഞത്. അവസാന സെഷനിലെ 35 ഓവറുകളിൽ പലതവണ ഓസീസ് അപ്പീലുകൾ ഇന്ത്യൻ താരങ്ങൾ അതിജീവിച്ചു. ഈ 35 ഓവറുകളിൽ ഇന്ത്യ നേടിയത് 54 ൺസ് മാത്രമാണ്. ടെസ്റ്റ് ക്രിക്കറ്റിന്റെ പരമ്പരാഗത പ്രതിരോധത്തിന്റെ മാസ്മരികതയാണ് സിഡ്നിയിൽഇന്നലെ കണ്ടത്. അഡ്ലെയ്ഡിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യയെ വെറും 36 റൺസിന് ചുരുട്ടിക്കൂട്ടിയ ആസ്ടേലിയൻ ബൗളിംഗ് സിംഹങ്ങളെ ഇന്നലെ 97 ഓവർ എറിയിച്ച ഇന്ത്യ നൽകിയത് മൂന്ന് വിക്കറ്റുകൾ മാത്രമാണ്.

തറവേലകൾ പലതുകണ്ടു

മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ നേരിട്ട വെല്ലുവിളികൾക്ക് കയ്യും കണക്കുമില്ലായിരുന്നു. മെൽബണിൽ പുറത്തുഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചെന്ന പേരിൽ ഉപനായകൻ രോഹിത് ശർമ്മയടക്കം അഞ്ചുപേരെ ഐസൊലേഷനിലാക്കുക, നാലാം ടെസ്റ്റിന് ബ്രിസ്ബേനിൽ ചെല്ലുമ്പോൾ വീണ്ടും രണ്ടാഴ്ച ക്വാറന്റൈനിലാക്കുമെന്ന് ഭീഷണിപ്പെടുത്തുക, ഗാലറിയിൽ നിന്ന് കാണികൾ തുടർച്ചയായി വംശീയാധിക്ഷേപം നടത്തുക,നന്നായി ബാറ്റുചെയ്തുവന്ന ജഡേജയ്ക്കും റിഷഭ് പന്തിനും പരിക്കേൽക്കുക, രണ്ടാം ഇന്നിംഗ്സിൽ പ്രതിരോധിച്ച് കളിച്ച ഇന്ത്യൻ താരങ്ങളുടെ ശരീരത്തിന് നേരേ പന്തെറിയുക, റിഷഭ് പന്തിന്റെ ഗാർഡ് മാർക്ക് ആരുമറിയാതെ മായ്ക്കാൻ ശ്രമിക്കുക, പരിക്കേറ്റ ഹനുമ വിഹാരിയെ തൈ പാഡ് മാറ്റാൻ പോലും സമയംകൊടുക്കാതെ ആക്ഷേപിക്കുക തുടങ്ങി മാന്യതയ്ക്ക് നിരക്കാത്ത പലപരിപാടികളും ആസ്ട്രേലിയൻ ഭാഗത്തുനിന്നുണ്ടായിട്ടും ഇന്ത്യ പതറിയില്ലെന്നതാണ് ഈ സമനിലയുടെ തിളക്കം വർദ്ധിപ്പിക്കുന്നത്.