കൊച്ചി: കൊവിഡ് മൂലം സർക്കാരിനുണ്ടായ അധിക ബാദ്ധ്യതയും സാമ്പത്തിക ഞെരുക്കവും മറികടക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബഡ്‌ജറ്റിൽ കൊവിഡ് സെസോ സർചാർജോ ഏർപ്പെടുത്തിയേക്കും. കൊവിഡ് വാക്‌സിന് ഉൾപ്പെടെയുണ്ടായ അധികച്ചെലവ് തരണം ചെയ്യുകയാണ് സർക്കാരിന്റെ ലക്ഷ്യം.
സെസോ സർചാർജോ ഏർപ്പെടുത്തുന്നത് സംബന്ധിച്ച പ്രാഥമിക ചർച്ചകൾ സർക്കാർ നടത്തിക്കഴിഞ്ഞു. അന്തിമതീരുമാനം ബഡ്‌ജറ്റിന് തൊട്ടുമുമ്പുണ്ടായേക്കും. ഉയർന്ന വരുമാനക്കാർക്കും പരോക്ഷ നികുതിക്കുമേലും സെസ് ഏർപ്പെടുത്താനാണ് ആലോചന. പെട്രോളിയം ഉത്പന്നങ്ങളുടെ (പെട്രോൾ, ഡീസൽ ഉൾപ്പെടെ) എക്‌സൈസ് നികുതിക്കുമേലോ ഇറക്കുമതി തീരുവയ്ക്ക് മേലോ കൊവിഡ് സെസ് ഏർപ്പെടുത്തുന്നതും ചർച്ചയായി.
കൊവിഡ് വാക്‌സിന് 60,000 കോടി മുതൽ 65,000 കോടി രൂപവരെ ചെലവ് വരുമെന്നാണ് വിലയിരുത്തൽ. ആദ്യഘട്ടച്ചെലവ് പൂർണമായും കേന്ദ്രസർക്കാർ വഹിച്ചേക്കും. അതേസമയം വാക്‌സിൻ വിതരണം, ഇതിനുള്ള പരിശീലനം തുടങ്ങിയ കാര്യങ്ങൾ വഹിക്കേണ്ടത് സംസ്ഥാനങ്ങളായിരിക്കും.
സെസ് വരുമാനം
സംസ്ഥാനങ്ങൾക്ക്
നൽകില്ല
കൊവിഡ് സെസ് ഏർപ്പെടുത്തിയാൽ, അതുവഴി ലഭിക്കുന്ന വരുമാനം കേന്ദ്രം സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കില്ല. കൊവിഡ് കാലത്ത് ജി.എസ്.ടി വരുമാനം കുത്തനെ കുറഞ്ഞ പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങൾ കൊവിഡ് സെസ് ഉൾപ്പെടെ ഏർപ്പെടുത്തിയിട്ടുമുണ്ട്.
- ധാതുക്കൾക്ക് ജാർഖണ്ഡ് കൊവിഡ് സെസ് ഏർപ്പെടുത്തി
- പഞ്ചാബും ഡൽഹിയും മദ്യ നികുതി കൂട്ടി
പുതിയ നികുതി വേണ്ടെന്ന്
ബിസിനസ് ലോകം
കൊവിഡ് പ്രതിസന്ധി ഇനിയും ഒഴിഞ്ഞിട്ടില്ലെന്നിരിക്കേ, സെസായും മറ്റും അധിക നികുതി ഏർപ്പെടുത്തുന്നത് തിരിച്ചടിയാണെന്നും അത്തരം നീക്കം പാടില്ലെന്നും കേന്ദ്രത്തോട് ബിസിനസ് ലോകം ആവശ്യപ്പെട്ടു. അതേസമയം, കൊവിഡ് പശ്ചാത്തലത്തിലെ അധികച്ചെലവിന് പുറമേ ആരോഗ്യം, അടിസ്ഥാനസൗകര്യ മേഖലകൾക്കായി കൂടുതൽ പണം ബഡ്ജറ്റിൽ വകയിരുത്തേണ്ടി വരുമെന്നതാണ് സെസിനായി സർക്കാരിനെ പ്രേരിപ്പിക്കുന്നത്.