തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ കാർഷിക ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഉത്തരവ് സ്വാഗതം ചെയ്‌ത് കൃഷിമന്ത്രി വി.എസ് സുനിൽകുമാർ. കേന്ദ്ര ബില്ലുകൾ ഒരു സംസ്ഥാനവും അംഗീകരിക്കാത്തതാണ്. ഇത് മനസിലാക്കിയാണ് സുപ്രീംകോടതി ഇടപെട്ടതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
കേന്ദ്ര നിയമത്തിനെതിരെ സംസ്ഥാനം ഉടൻ ബദൽ നിയമം കൊണ്ടുവരുമെന്നും. ഈ സഭാ സമ്മേളനത്തിൽ കൊണ്ടുവരാനായില്ലെങ്കിൽ ഓർഡിനൻസ് ഇറക്കുമെന്നും വി.എസ് സുനിൽകുമാർ അഭിപ്രായപ്പെട്ടു. കേന്ദ്ര കാർഷിക ഭേദഗതി ബില്ലുകൾ നടപ്പാക്കരുതെന്ന് സുപ്രീംകോടതി മുൻപ് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കേന്ദ്രം അത് ചെയ്‌തില്ലെങ്കിൽ കോടതി അത് ചെയ്യുമെന്ന് കേസ് വാദംകേട്ട സുപ്രീംകോടതി ബഞ്ച് അദ്ധ്യക്ഷൻ ചീഫ് ജസ്‌റ്റിസ് എസ്.എ ബോബ്ഡെ അറിയിച്ചു. കാർഷിക നിയമങ്ങൾ നടപ്പാക്കുന്നതിലെ കർഷകരുടെ ആശങ്കകൾ പരിഹരിക്കാൻ വിദഗ്‌ദ്ധ സമിതിയെ നിയോഗിക്കണമെന്ന് കോടതി വീണ്ടും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
കേരളവും പഞ്ചാബും ഉൾപ്പടെ സംസ്ഥാനങ്ങൾ കേന്ദ്ര ബില്ലിനെതിരെ പ്രത്യേക നിയമസഭാ സമ്മേളനം കൂടി പ്രതിഷേധിച്ചിരുന്നു. ഡിസംബർ 31നായിരുന്നു കേരളത്തിലെ പ്രത്യേക നിയമസഭാ സമ്മേളനം.