പന്തളം: മകര സംക്രമനാളിൽ ശബരിമലയിലെ അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളും വഹിച്ചുള്ള ഘോഷയാത്ര ഇന്ന് പന്തളം വലിയകോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് ശബരിമലയിലേക്ക് പുറപ്പെടും.
മകരവിളക്ക് ദിവസമായ14ന് വൈകിട്ട് 6ന് ഘോഷയാത്ര ശബരിമലയിലെത്തും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഘോഷയാത്ര.
മുൻവർഷങ്ങളിൽ പുലർച്ചെ 4 മണിയോടെയാണ് കൊട്ടാരത്തിൽ നിന്ന് തിരുവാഭരണ പേടകങ്ങൾ ക്ഷേത്രത്തിലേക്ക് മാറ്റിയിരുന്നത്. എന്നാൽ ക്ഷേത്രവും പരിസരവും അണുവിമുക്തമാക്കാനുള്ളതിനാൽ ഇന്ന് 11.45ന് മാത്രമേ പേടകങ്ങൾ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കൂ. രാവിലെ 11ന് ശുദ്ധിക്രിയകൾ നടത്തും. തുടർന്ന് തിരുവാഭരണ പേടകവാഹകസംഘത്തെ സ്വീകരിക്കും.
രാജകുടുംബത്തിൽ കുട്ടി ജനിച്ചതുമൂലമുള്ള ആശൂലമായതിനാൽ രാജപ്രതിനിധിയുടെ അസാന്നിദ്ധ്യത്തിലാണ് ചടങ്ങുകൾ. രാജപ്രതിനിധിക്കു പകരം ഗുരുസ്വാമി സംഘാംഗങ്ങളെ മാലയിട്ട് അനുഗ്രഹിക്കും. ശ്രീകോവിലിന് മുമ്പിൽ തിരുവാഭരണ പേടകം ആചാരപ്രകാരം തുറന്നുവയ്ക്കും. ഭക്തർക്ക് ദർശനം ഉണ്ടായിരിക്കില്ല.
മേൽശാന്തി ശ്രീകോവിലിൽ പൂജിച്ച പൂമാല പേടകവാഹകസംഘത്തിനു നൽകും. ശ്രീകോവിലിന് മുന്നിൽ നടത്താറുള്ള തിരുവാഭരണ പേടകത്തിന്റെ താക്കോൽ കൈമാറ്റം ഇത്തവണ തിരുവാഭരണ മാളികയിലാകും നടക്കുക. ദേവസ്വം ബോർഡ് അധികൃതർ താക്കോൽ ഏറ്റുവാങ്ങി തിരികെ ക്ഷേത്രത്തിലെത്തിയശേഷം ഒരു മണിക്ക് പേടകം ഗുരുസ്വാമി ശിരസിലേറ്റുന്നതോടെ ഘോഷയാത്ര പുറപ്പെടും. ഘോഷയാത്ര കടന്നുപോകുന്ന സ്ഥലങ്ങളിൽ മാലയിട്ടുള്ള സ്വീകരണം ഉണ്ടാകില്ല.
----
ശബരിമലയിൽ ഇന്ന്
പള്ളി ഉണർത്തൽ- പുലർച്ചെ 4 .00
നട തുറക്കൽ - 5.00
അഭിഷേകം - 5.05
ഗണപതി ഹോമം - 5.30
നെയ്യഭിഷേകം - 6 .00 മുതൽ 7 .00 വരെ
ഉഷപൂജ- 7.30
ബ്രഹ്മരക്ഷസ് പൂജ - 7.45
നെയ്യഭിഷേകം - 9.00 മുതൽ 11.00 വരെ
25 കലശാഭിഷേകം - 11.45
തുടർന്ന് കളഭാഭിഷേകം
ഉച്ചപൂജ - 12.30
നട അടയ്ക്കൽ - 1.00
നട തുറക്കൽ - 4.00
തുടർന്ന് പ്രാസാദ ശുദ്ധിക്രിയകൾ
ദീപാരാധന - 6.30
അത്താഴപൂജ - 8.30
നട അടയ്ക്കൽ- 9.00